ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയിൽ ബോംബ് വച്ചതായുള്ള അജ്ഞാത സന്ദേശം പ്രദേശത്ത് കടുത്ത പരിഭ്രാന്തിക്കിടയാക്കി. ഇന്ന് വൈകിട്ട് 3.10-ഓടെ സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്.
വിവരമറിഞ്ഞയുടൻ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെയും മറ്റും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം ശാഖ അടച്ചിടുകയും ചെയ്തു. സംഭവസ്ഥലത്ത് നാട്ടുകാർ കൂടിചേർന്നതോടെ പ്രദേശത്ത് ആശങ്ക പരന്നു.
തുടർന്ന് ആലപ്പുഴയിൽനിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബാങ്ക് തുറന്ന് വിശദമായ പരിശോധന നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂറിലധികം നീണ്ട
പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വൈകിട്ട് ആറുമണിയോടെ ആലപ്പുഴയിൽനിന്ന് ഡോഗ് സ്ക്വാഡും എത്തിച്ചേർന്ന് പരിശോധന നടത്തിയെങ്കിലും അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതോടെ സന്ദേശം വ്യാജമാണെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡ് അംഗങ്ങളായ ലാലു അലക്സ്, ജോഷി ജയിംസ്, രാജ് മോഹൻ, ഡോഗ് സ്ക്വാഡ് അംഗം സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.
വ്യാജ സന്ദേശമയച്ച് പരിഭ്രാന്തിയുണ്ടാക്കിയ വ്യക്തിയെ കണ്ടെത്താൻ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ ഡി രതീഷ് ബാബു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

