രാജ്യത്തിന്റെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക ഉയർത്തുന്ന ഭീഷണികൾ പശ്ചിമേഷ്യയിലെ മൊത്തം ഊർജ്ജ കയറ്റുമതി മേഖലയെയും പ്രതിസന്ധിയിലാക്കുമെന്ന് ഇറാനിലെ ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി. ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐആർഐബി വഴിയാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം, അല്ലെങ്കിൽ ആർക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്.
ഊർജ്ജ വിപണിയിൽ ഇടപെടാൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഇറാനുനേരെ ഉയർത്തിയ ഭീഷണികൾക്ക് മറുപടിയായാണ് ഈ പ്രതികരണം.
അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ ഇടപെടലുകൾ മേഖലയിലെ സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് ഇറാൻ ആരോപിക്കുന്നു. ഗൾഫ് മേഖലയിലെ ഊർജ്ജ വിതരണത്തെ ബാധിക്കുന്ന ഏത് നടപടിയും ആഗോള വിപണിയിൽ വലിയ ചലനങ്ങൾക്ക് വഴിവെക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ലോകത്തെ പ്രമുഖ ഊർജ്ജ കേന്ദ്രമായ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അന്താരാഷ്ട്ര സുരക്ഷയെ തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, ഡോണൾഡ് ട്രംപ് തൻ്റെ ഭീഷണി പിൻവലിച്ചതോടെ മേഖലയിൽ നേരിയ ആശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിലും നയതന്ത്ര തലത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

