നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഭരണകൂടം വേട്ടയാടുന്നത് തുടരുന്നുവെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾ തീവ്രവാദികളല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമരം അവസാനിച്ചിട്ടും വിവിധ സംസ്ഥാനങ്ങളിൽ പോലീസ് വിദ്യാർത്ഥികൾക്ക് നേരെ കടുത്ത അതിക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് ദീപ്കെ കുറ്റപ്പെടുത്തി.
ന്യൂഡൽഹി ജന്തർ മന്തറിലെ പ്രക്ഷോഭം അവസാനിപ്പിച്ച് സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് മടങ്ങിയ വേളയിൽ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സർക്കാർ ഇപ്പോൾ നന്നായി പെരുമാറണം.
ജൂലൈ 20ന് പാർലമെന്റ് മാർച്ചിൽ വിദ്യാർത്ഥികളുടെ രക്തം തെരുവിൽ വീണതാണ്. അത് പോരായിരുന്നോ? ഇപ്പോഴും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ്.
പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാർത്ഥികളുടെ വീടുകളിൽ എത്തുകയും അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു”- അഭിജിത്ത് ദീപ്കെ പറഞ്ഞു. ഏകദേശം 40 ദിവസങ്ങൾക്ക് ശേഷമാണ് താൻ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ തിരിച്ചെത്തിയതുമുതൽ വിവിധ സമരങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. ഏകദേശം 36 ദിവസത്തോളം ജന്തർ മന്തറിലായിരുന്നു താമസം.
ഒടുവിൽ സമരം വിജയകരമായി പര്യവസാനിച്ചെന്നും വിദ്യാർത്ഥികൾ വിജയം നേടിയെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെ കാണാൻ സാധിക്കുന്നതിലുള്ള സന്തോഷവും പങ്കുവെച്ചു.
വിദ്യാർത്ഥികൾ ഒരിക്കലും തീവ്രവാദികളല്ലെന്നും അവർ രാജ്യത്തിന്റെ സുപ്രധാന ഭാവിയാണെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന്റെ ഭാവിയോട് ഇത്തരത്തിലാണ് ഭരണകൂടം പെരുമാറുന്നതെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകും.
മുൻ മന്ത്രി ധർമ്മേന്ദ്ര പ്രധാന് സ്ഥാനമൊഴിയേണ്ടി വന്നതുപോലെ, സർക്കാർ ശരിയായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ ഭാവിയിൽ സർക്കാരിനെ മാറ്റാൻ തങ്ങൾ മുന്നിട്ടിറങ്ങുമെന്നും, ആവശ്യമെങ്കിൽ ഇതിലും വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പരിഹസിച്ചു.
മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകണമെന്നും, അദ്ദേഹം ആ ജോലി വളരെ നന്നായി ചെയ്യുമെന്നുമായിരുന്നു ദീപ്കെയുടെ പരാമർശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

