വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ടൂറിസം മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിദേശ ടൂർ പാക്കേജുകൾ റദ്ദാക്കി സഞ്ചാരികൾ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തൽ.
ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ സഹായിക്കും. യുഎസ് – ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള പ്രതിസന്ധികളിൽ നിന്ന് ടൂറിസം മേഖലയെ കരകയറ്റാൻ ഈ തീരുമാനം സഹായകമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യുഎസ് – ഇറാൻ യുദ്ധസാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വർധന ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശ സഞ്ചാരികളുടെ വരവിൽ 60-70 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
ആയുർവേദ കേന്ദ്രങ്ങളിലും റിസോർട്ടുകളിലും ബുക്കിങ് 25 ശതമാനം ഇടിഞ്ഞു. എന്നിരുന്നാലും, പ്രാദേശിക ടൂറിസം മേഖല ഭേദപ്പെട്ട
നിലയിൽ മുന്നോട്ടുപോകുന്നുണ്ട്. കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നതനുസരിച്ച്, “കേരളത്തിലെ ആഭ്യന്തര ടൂറിസം വർധിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തും. മലയാളികൾ കേരളത്തിനകത്ത് നടത്തുന്ന യാത്രകളും കൂടും.
വർക്ക് ഫ്രം ഹോം പ്രോൽസാഹിപ്പിക്കണമെന്ന ആഹ്വാനവും ഗുണം ചെയ്യും. കോവിഡ് സമയത്ത് കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവർ റിമോട്ട് വർക്കിനായി വയനാട്ടിലും മറ്റും മാസങ്ങളോളം താമസിച്ചിട്ടുണ്ട്.
ഇത് ഇത്തവണയും ആവർത്തിക്കുെമന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.” അതേസമയം, ചില നിയന്ത്രണങ്ങൾ ‘മൈസ്’ ടൂറിസത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂലം ടൂറിസം കമ്പനികൾക്ക് മുൻവർഷത്തേക്കാൾ 25-30 ശതമാനം വരെ വരുമാന നഷ്ടമുണ്ടായതായി ഡെസ്റ്റിനേഷൻ ക്യാപ്ചേഴ്സ് മാനേജിങ് പാർട്ണർ എം.
സുജിത് കുമാർ വ്യക്തമാക്കി. “ഫോറിൻ ട്രിപ്പുകൾ ബുക്ക് ചെയ്ത 13 ഗ്രൂപ്പുകൾ ഇതിനോടകം യാത്ര റദ്ദാക്കി.
പ്രതിസന്ധി എന്നുതീരുമെന്നത് അറിയാത്തതു മൂലം ഓണം, ക്രിസ്മസ് ട്രിപ്പുകൾ ആസൂത്രണം ചെയ്യാനും തടസമുണ്ട്. എന്നാൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ബുക്കിങ് കൂടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസ്താവന വിദേശയാത്രകളുടെ ബുക്കിങ് കുറയ്ക്കുമെങ്കിലും പ്രാദേശിക ടൂറിസം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വിദേശ ടൂർ പാക്കേജുകൾ റീബ്രാൻഡ് ചെയ്ത് ആൻഡമാൻ, ലക്ഷദ്വീപ് പോലുള്ള ‘അൺഎക്സ്പ്ലോർഡ്’ കേന്ദ്രങ്ങളിലേക്ക് കൂടുതൽ തിരിച്ചുവിടാനുള്ള തയാറെടുപ്പിലാണ് ടൂറിസം മേഖലയെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

