ഡൽഹിയിൽ ഓടുന്ന വാഹനത്തിനുള്ളിൽ വെച്ച് പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ സംഭവത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.എ റഹീം എം.പി അറിയിച്ചു. കേസിൽ മുതിർന്ന അഭിഭാഷക അരുന്ധതി കട്ജു ഹാജരാകും.
ഇന്ത്യൻ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഇന്ന് കൊണാട്ട് പ്ലേസിൽ വെച്ച് ഡി.വൈ.എഫ്.ഐ ഭാരവാഹികളെയും പ്രവർത്തകരെയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനെയും ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് വിധേയരാക്കിയതിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ഈ നിയമനടപടി.
അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് (AoR) ആയ സുഭാഷ് ചന്ദ്രൻ കെ.ആർ. ആണ് കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്. സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനിടെ ഡൽഹി പൊലീസ് പ്രവർത്തകരെ റോഡിൽ നിന്ന് ബലമായി വലിച്ചിഴച്ച് ബസ്സിൽ കയറ്റുകയായിരുന്നു.
ഇവരെ ഏതെങ്കിലും സ്റ്റേഷനിലേക്ക് മാറ്റുന്നതിന് പകരം സി.സി.ടി.വി ക്യാമറകൾ ഇല്ലാത്ത ഒരു പ്രദേശത്തേക്കാണ് ബസ് കൊണ്ടുപോയത്. അവിടെയെത്തിയ ശേഷം കസ്റ്റഡിയിലുള്ളവരെ ലിംഗഭേദമനുസരിച്ച് വേർതിരിച്ചു.
തുടർന്ന് മറയിട്ടതും പല അറകളുള്ളതുമായ വാഹനങ്ങളിലേക്ക് മാറ്റുകയും അതിനുള്ളിൽ വെച്ച് യാതൊരു ദാക്ഷിണ്യവുമില്ലാതെ മർദ്ദിക്കുകയും ചെയ്തു. ഈ വാഹനങ്ങൾ “ചക്രങ്ങളിലുറപ്പിച്ച ഗ്വാണ്ടനാമോ ബേ” (Guantanamo Bay on wheels) എന്നതിന് തുല്യമായിരുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ കൃത്യമായ അറസ്റ്റ് മെമ്മോ തയ്യാറാക്കുകയോ ബന്ധുക്കളെ വിവരമറിയിക്കുകയോ ചെയ്തിട്ടില്ല. കസ്റ്റഡിയിലെടുത്ത ആരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാനോ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനോ അധികാരികൾ തയ്യാറായില്ല.
സമാധാനപരമായ പ്രതിഷേധങ്ങളെ നിയമവിരുദ്ധമായി തടയരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അതേ ദിവസമാണ് ഈ മനുഷ്യാവകാശ ലംഘനമുണ്ടായത് എന്നത് ഗൗരവകരമാണ്. ആയതിനാൽ ഈ തടങ്കൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും, പ്രതിഷേധങ്ങൾക്കിടയിലെ കസ്റ്റഡി നടപടികളിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

