ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരായ സുഹൈൽ മുഹമ്മദിനെയും ക്യാമറാമാൻ വിഎസ് രാഹുലിനെയും പ്രതിഷേധത്തിനൊടുവിൽ വിട്ടയച്ചു. ട്വന്റിഫോറിന്റെ ഡൽഹി ബ്യുറോ ജേർണലിസ്റ്റുകളായ അച്യുതന്റെയും ശ്രീനാഥ് ചന്ദ്രന്റെയും പ്രതിഷേധത്തിനൊടുവിലാണ് വാനിൽ ഉണ്ടായിരുന്ന എല്ലാ മാധ്യമപ്രവർത്തകരെയും പൊലീസ് വിട്ടയച്ചത്.
നിയമവിരുദ്ധ കസ്റ്റഡി ചോദ്യം ചെയ്ത് ട്വന്റിഫോർ പ്രതിനിധികളായ ആർ അച്യുതനും ശ്രീനാഥ് ചന്ദ്രനും അടക്കം പ്രതിഷേധം ഉയർത്തിയതോടെ അരമണിക്കൂറിന് ശേഷം മാധ്യമപ്രവർത്തകരെ വിട്ടയക്കുകയായിരുന്നു പൊലീസ്. മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ഒരു ഉത്തരവുമില്ലെന്ന് ഡിസിപി വ്യക്തമാക്കി എന്ന് അറിയിച്ചതോടെ നിവൃത്തിയില്ലാതെ എല്ലാവരെയും ഇറക്കി വിടുകയായിരുന്നു.
സുപ്രീം കോടതി എന്താണ് പറഞ്ഞിട്ടുള്ളതെന്നും കസ്റ്റഡിയിൽ എടുക്കാനുള്ള ഓർഡർ കൈയ്യിൽ ഉണ്ടോയെന്നടക്കമുള്ള മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയാണ് കസ്റ്റഡിയിലെടുത്തവരെ ഡൽഹി പൊലീസ് വിട്ടയച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.
കൊണാട്ട്പ്ലേസിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയാണ്. ഇതിനിടെ പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ട്വന്റിഫോർ പ്രതിനിധി സുഹൈൽ മുഹമ്മദിനെ കഴുത്തിന് പിടിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ക്യാമറാമാൻ വി എസ് രാഹുലിനെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.
ഉപകരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചുകൊണ്ടായിരുന്നു പൊലീസ് അതിക്രമം ഉണ്ടായത്. റിപ്പോർട്ടർമാരെ കസ്റ്റഡിയിലെടുത്തത് ആർ കെ ആശ്രാം മാർഗിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്.
വിദ്യാർഥികളെ ഉൾപ്പെടെ, റോഡിൽ വലിച്ചിഴച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ, ജോൺ ബ്രിട്ടാസ് എംപിയെ കയ്യേറ്റം ചെയ്ത് കസ്റ്റഡിയിലെടുത്തു.
ദേഹാസ്വാസ്ഥ്യം നേരിട്ട ബ്രിട്ടാസിനെ വഴിയിൽ ഇറക്കിവിടുകയായിരുന്നു.
പൊലീസ് വാഹനത്തിനുള്ളിൽ സമരക്കാരോടുള്ള ക്രൂരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് വാഹനം സഞ്ചരിക്കുന്ന ജയിലറയെന്ന് എ എ റഹീം എംപി പ്രതികരിച്ചു.
ജനാധിപത്യത്തിനായി അവസാന ശ്വാസം വരെ പോരാടുമെന്ന് പൊലീസ് മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

