കോട്ടയം നഗരത്തിൽ ജില്ലാ ജയിൽ റോഡിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ തണൽമരത്തടികൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കലക്ടറേറ്റ് വളപ്പിൽ നിന്ന് മുറിച്ചുമാറ്റിയ മരങ്ങളുടെ തടികളാണ് ഇവിടെ ആഴ്ചകളായി യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ കിടക്കുന്നത്.
ജില്ലാ പഞ്ചായത്ത് മന്ദിരത്തിനും ജലഅതോറിറ്റി ഓഫിസിനും സമീപത്തുള്ള നടപ്പാതയുടെ ഒരു ഭാഗം പൂർണ്ണമായും ഈ തടികൾ കയ്യേറിയിരിക്കുകയാണ്. വൺവേ സംവിധാനമുള്ള ഈ പാതയിൽ മരത്തടികൾ നിരന്നുകിടക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
വിവിധ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും നിരവധി സർക്കാർ ജീവനക്കാരുമാണ് നിത്യേന ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. നടപ്പാത പൂർണ്ണമായി തടികൾ തടസ്സപ്പെടുത്തിയതോടെ കാൽനടയാത്രക്കാർ ജീവൻ പണയപ്പെടുത്തി റോഡിലിറങ്ങി നടക്കേണ്ട
അവസ്ഥയാണുള്ളത്. വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ടി വരുന്നത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
കൂടാതെ, റോഡിലെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണ് തടികൾ കൂട്ടിയിട്ടിരിക്കുന്നത്. ഈ ഭാഗത്ത് തെരുവുവിളക്കുകൾ ഇല്ലാത്തത് രാത്രികാലങ്ങളിൽ അപകടസാധ്യത ഇരട്ടിയാക്കുന്നതായും പരാതി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

