വാഷിങ്ടൻ∙ കഴിഞ്ഞ ജൂലൈയിൽ ജോർദാനിലെ യുഎസ് സൈനിക താവളത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ചൈനീസ് സ്ഥാപനങ്ങൾ നൽകിയ ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഉണ്ടെന്ന ഗുരുതര കണ്ടെത്തലുമായി അമേരിക്ക രംഗത്ത്. രാജ്യാന്തര മാധ്യമമായ ‘ദ് വാൾ സ്റ്റ്രീറ്റ് ജേണൽ’ ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് പുറത്തുവന്ന ഈ റിപ്പോർട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കനത്ത ഉലച്ചിൽ സൃഷ്ടിക്കാൻ ഇടയാക്കിയേക്കും. അതേസമയം, അമേരിക്കയുടെ ഈ ആരോപണങ്ങളെ ചൈനീസ് അധികൃതർ പൂർണമായി തള്ളിക്കളഞ്ഞു.
തങ്ങളുടെ യാതൊരുവിധ കമ്പനികളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടില്ലെന്ന് യുഎസിലെ ചൈനീസ് എംബസി ആവർത്തിച്ചു വ്യക്തമാക്കി. ഇറാനുമായി പുലർത്തുന്ന സഹകരണം പൂർണമായും രാജ്യാന്തര നിയമങ്ങളുടെ പരിധിയിൽ നിന്നുകൊണ്ടാണെന്നും, നിലവിലുള്ള സംഘർഷാവസ്ഥയെ മുതലെടുത്ത് ചിലർ മനപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വടക്കുകിഴക്കൻ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസിനുള്ളിലെ യുഎസ് സൈനികരുടെ വിശ്രമമുറികൾ ലക്ഷ്യമാക്കി ജൂലൈ 17 നാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. ഈ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അതീവ ഗുരുതരമായി പരുക്കേറ്റ നാലുപേരെ വ്യോമമാർഗം ആശുപത്രിയിലേക്ക് മാറ്റേണ്ടി വരികയും ചെയ്തിരുന്നു.
താവളത്തിൽ നിർത്തിയിട്ടിരുന്ന ചെറുതും വലുതുമായ യുദ്ധവിമാനങ്ങളും പൂർണ്ണമായും തകർന്നു. കേവലം 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് അതീവ സുരക്ഷാ വലയത്തിലുള്ള ഈ താവളത്തിന് നേരെ മിസൈൽ വർഷമുണ്ടായത്.
കഴിഞ്ഞ മാസങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനയുടെ ഇടപെടലുകൾ യുദ്ധത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ടെന്ന നിലപാടിലാണ്. ഇറാന്റെ പ്രവർത്തനങ്ങളിൽ ചൈനീസ് സഹായങ്ങൾക്കു പുറമെ അവരുടെ ആഭ്യന്തര ഉപഗ്രഹങ്ങളുടെ സേവനവും റഷ്യ നൽകുന്ന വിവരങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യയിലെ യുഎസ് നാവിക കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചൈനയോ റഷ്യയോ ഇറാനെ ഇനിയും സഹായിച്ചേക്കാമെന്ന കടുത്ത ആശങ്കയിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇപ്പോൾ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

