ചലച്ചിത്ര മേഖലയിൽ മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രങ്ങൾ വെല്ലുവിളിയായി കണക്കാക്കിയിരുന്ന കാലത്തിന് മാറ്റം വരുന്നു. സമീപകാല ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ഈ ദൈർഘ്യപരിധി ലംഘിക്കുന്നത് സിനിമാ ലോകത്ത് പുതിയൊരു ട്രെൻഡായി മാറിയിരിക്കുകയാണ്.
ഇതിനിടയിലാണ് ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയൊരു ബിഗ് സ്കെയിൽ ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കന്നഡ താരം യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ റൺടൈം മൂന്ന് മണിക്കൂറിലധികം വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് 191 മിനിറ്റ് അതായത് 3 മണിക്കൂറും 11 മിനിറ്റും ആണ് ദൈർഘ്യം വരുന്നത്. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായെന്നും ഇതിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കും ടോക്സിക് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
ചിത്രത്തിൽ താരം ഇരട്ട വേഷത്തിലാകും എത്തുന്നത് എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്.
ഓഗസ്റ്റ് 26 ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. നടൻ യഷും സംവിധായിക ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുന്നോട്ട് പോകുന്നത്.
ചിത്രത്തിന് കരുത്തുപകർന്ന് മികച്ചൊരു സാങ്കേതിക സംഘവും അണിനിരക്കുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി.
അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് പ്രധാന സാങ്കേതിക പ്രവർത്തകർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ.
പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വെങ്കട് കെ.
നാരായണയും യഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ടോക്സിക് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

