മൂവാറ്റുപുഴയിൽ റംബുട്ടാൻ പഴങ്ങൾ സംരക്ഷിക്കാനായി കർഷകർ ഉപയോഗിക്കുന്ന നൈലോൺ വലകളിൽ പാമ്പുകൾ കുടുങ്ങുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു. കിളികളിൽ നിന്നും മറ്റ് ജീവികളിൽ നിന്നും വിളവെടുപ്പ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി വ്യാപകമായി ഉപയോഗിക്കുന്ന നേർത്ത നൈലോൺ, പ്ലാസ്റ്റിക് നെറ്റുകളിലാണ് ജീവികൾ അപകടത്തിൽപ്പെടുന്നത്.
മൂർഖൻ, അണലി തുടങ്ങിയ മാരക വിഷമുള്ള ഇനങ്ങൾ മുതൽ വിഷമില്ലാത്ത പാമ്പുകൾ വരെ ഇത്തരം വലകളിൽ കുരുങ്ങുന്നത് പതിവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർഷകരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കൃഷി ഓഫിസർമാരും വന്യജീവി സംരക്ഷണ പ്രവർത്തകരും കർശന നിർദേശം നൽകിയിട്ടുണ്ട്.
വിപണിയിൽ കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന നൈലോൺ വലകളാണ് നിലവിൽ വലിയ അപകടഭീഷണി ഉയർത്തുന്നത്. പഴങ്ങൾ പറിക്കാനായി മരങ്ങളിൽ കയറുമ്പോഴും വലകൾ പരിശോധിക്കുമ്പോഴും കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വലകളിൽ ചലനമറ്റ നിലയിൽ കാണപ്പെടുന്ന പാമ്പുകൾ ചത്തതാണെന്ന് തെറ്റിധരിച്ച് സ്പർശിക്കരുതെന്ന് പാമ്പ് പിടിത്ത വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഭയന്നുപോകുന്ന പാമ്പുകൾ പെട്ടെന്ന് ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം സന്ദർഭങ്ങളിൽ അതീവ ശ്രദ്ധ വേണം.
വലയിട്ടിട്ടുള്ള റംബുട്ടാൻ മരങ്ങളുടെ സമീപത്തേക്ക് കുട്ടികൾ ഒറ്റയ്ക്ക് പോകുന്നത് കർശനമായി നിയന്ത്രിക്കേണ്ടതാണ്. മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കാൻ കുട്ടികൾ ശ്രമിക്കുന്നതും ഒഴിവാക്കണം.
ഏതെങ്കിലും തരത്തിൽ വലകളിൽ പാമ്പുകൾ കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ, ആരും സ്വയം രക്ഷാപ്രവർത്തനത്തിന് മുതിരാതെ ഉടൻ തന്നെ ‘സർപ്പ’ വൊളന്റിയർമാരെ വിവരം അറിയിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

