തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നും നഷ്ടപ്പെടുകയും മോഷണം പോകുകയും ചെയ്ത മൊബൈൽ ഫോണുകൾ കണ്ടെത്താനായുള്ള പ്രത്യേക അന്വേഷണത്തിൽ ഈ വർഷം മാത്രം ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 580 മൊബൈൽ ഫോണുകൾ പൊലീസ് വീണ്ടെടുത്തു. കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.
ആർ. സ്റ്റാലിൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിൽ കാണാതായ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സൈബർ ക്രൈം പൊലീസ് സംഘം സജീവമായ ഇടപെടലാണ് നടത്തിയത്. ഇതിന്റെ ഭാഗമായി, നിലവിൽ ഏകദേശം നാൽപ്പത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന 260 മൊബൈൽ ഫോണുകൾ കൂടി പുതുതായി കണ്ടെടുത്തു.
ഇത്തരത്തിൽ കണ്ടെടുത്ത ഫോണുകൾ ജില്ലാ പൊലീസ് സൂപ്രണ്ട് നേരിട്ട് അതത് ഉടമസ്ഥർക്ക് കൈമാറി. ഈ ഔദ്യോഗിക നടപടിയിലൂടെ നിരവധി പേർക്കാണ് തങ്ങളുടെ നഷ്ടപ്പെട്ട
ഉപകരണങ്ങൾ തിരികെ ലഭിച്ചത്. ഇതിൽ മലയാളികൾ ഉൾപ്പെടെയുള്ള വിനോദയാത്രയ്ക്ക് എത്തിയവരുടെ ഫോണുകളും ഉൾപ്പെടുന്നുണ്ട്.
കന്യാകുമാരി കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങിയ സമയത്ത് ഫോൺ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി ശരത്ത് കുമാർ അടക്കമുള്ളവരുടെ ഫോണുകളാണ് മാസങ്ങൾ നീണ്ട
അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി തിരികെ നൽകിയത്. കന്യാകുമാരിയിൽ വെച്ച് മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്ന പക്ഷം ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ടതാണ്.
ഔദ്യോഗിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി തമിഴ്നാട് പൊലീസ് സിറ്റിസൺ പോർട്ടൽ (https://eservices.tnpolice.gov.in) എന്ന വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ CEIR Portal (https://www.ceir.gov.in/) ഉപയോഗിച്ച് നഷ്ടപ്പെട്ട
മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനുമുള്ള സൗകര്യം ലഭ്യമാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

