ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പായ ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ജോർജ് കോട്ടയിൽ നിന്ന് നിയമസഭയുടെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനങ്ങൾ മാറ്റാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോട്ടയാണ് സെന്റ് ജോർജ്.
1,200 കോടി രൂപ ചെലവിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. സെന്റ് ജോർജ് കോട്ടയിലെ സ്ഥലപരിമിതികൾ കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
1639-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഈ കോട്ട നിലവിൽ ഇന്ത്യൻ കരസേനയുടെ നിയന്ത്രണത്തിലാണ്.
ഇവിടെയാണ് നിലവിൽ നിയമസഭ പ്രവർത്തിക്കുന്നത്. ആകെ 107 ഏക്കർ വരുന്ന സെന്റ് ജോർജ് കോട്ടയുടെ ചെറിയൊരു ഭാഗത്തു മാത്രമാണ് സർക്കാരിന്റെ നിയന്ത്രണമുള്ളത്.
ബാക്കി ഭാഗം പ്രതിരോധ മന്ത്രാലയവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമാണ് കൈകാര്യം ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിമാരായിരുന്ന ജെ.ജയലളിതയും എം.കരുണാനിധിയും പരാജയപ്പെട്ടിടത്താണ് പുതിയ മാറ്റങ്ങൾക്കുള്ള നീക്കം നടക്കുന്നത്.
2003-ൽ ക്വീൻസ് മേരി കോളജ് പൊളിച്ചുമാറ്റി സെക്രട്ടേറിയറ്റ് നിർമിക്കുമെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാർഥി സമരത്തെ തുടർന്ന് ആ നിർദേശം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഓമന്തുരാർ ഗവ.
എസ്റ്റേറ്റിൽ കരുണാനിധി പുതിയൊരു സെക്രട്ടേറിയറ്റ് മന്ദിരം നിർമിക്കുകയും അവിടെ സമ്മേളനം നടത്തുകയും ചെയ്തു. എന്നാൽ തുടർന്ന് അധികാരത്തിലെത്തിയ ജയലളിത ആ കെട്ടിടം പിന്നീട് ആശുപത്രിയാക്കി മാറ്റുകയാണ് ചെയ്തത്.
പുതിയ പദ്ധതിക്കായുള്ള സ്ഥലത്തെ സംബന്ധിച്ച അന്തിമ തീരുമാനം ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടയിൽ ചെന്നൈയിൽ ‘തമിഴ്നാട് ഒളിംപിക് സിറ്റി’, ‘മോട്ടർ സ്പോർട്സ് സിറ്റി’ എന്നിവ സ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
കായികതാരങ്ങൾക്ക് അത്യാധുനിക പരിശീലനവും സൗകര്യങ്ങളും ലഭ്യമാക്കുന്ന ഒരു പ്രധാന കായിക ഹബ്ബായി ഒളിംപിക് സിറ്റിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫോർമുല റേസുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായാണ് ‘മോട്ടർ സ്പോർട്സ് സിറ്റി’ ആരംഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

