വയനാട്ടിലെ കള്ളാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായേക്കാവുന്ന മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനം മുൻ സർക്കാരിന്റെ കാലത്ത് പാതിവഴിയിൽ ഉപേക്ഷിച്ചു. അമൃത വിശ്വവിദ്യാപീഠം സർവകലാശാല തങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്ന് ഏകദേശം 15 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാൻ മുന്നോട്ടുവന്ന പദ്ധതിയാണിത്.
ലാൻഡ്സ്ലൈഡ് ഏർലി വാണിങ് സിസ്റ്റം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. 2009 മുതൽ മൂന്നാറിൽ വിജയകരമായി പരീക്ഷിച്ച് തെളിയിക്കപ്പെട്ട
സംവിധാനമാണിത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ 15 മീറ്ററോളം ആഴത്തിൽ സെൻസറുകൾ സ്ഥാപിച്ചാണ് പ്രവർത്തനം.
മണ്ണിലെ ഈർപ്പത്തിന്റെ അളവ്, മഴയുടെ തോത്, മണ്ണിലുണ്ടാകുന്ന സമ്മർദം, ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന നേരിയ ചലനങ്ങൾ എന്നിവ ഈ സെൻസറുകൾ തത്സമയം നിരീക്ഷിക്കുന്നു. ശേഖരിക്കപ്പെടുന്ന വിവരങ്ങൾ വയർലെസ് സംവിധാനത്തിലൂടെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്വർക്ക് ആൻഡ് ആപ്ലിക്കേഷൻസ് എന്ന കേന്ദ്രത്തിലേക്ക് കൈമാറുകയും, മൂന്ന് ഘട്ടങ്ങളിലായി പൊതുജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു.
ഈ വിവരങ്ങൾ തൽസമയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ (KSDMA) അറിയിക്കുന്നതിലൂടെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിക്കുമായിരുന്നു. 2024-ൽ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ ഉണ്ടായ ദുരന്തത്തെത്തുടർന്ന് സർവകലാശാലാ വിദഗ്ധർ പ്രദേശം സന്ദർശിക്കുകയും സൗജന്യമായി ഈ സംവിധാനം സ്ഥാപിക്കാൻ അനുമതി തേടുകയും ചെയ്തിരുന്നു.
സർക്കാർ തലത്തിൽ അനുമതി ലഭിച്ചെങ്കിലും, സാങ്കേതിക നിബന്ധനകളിലെ അവ്യക്തതയും നടപടിക്രമങ്ങളും പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി മാറി. ചൂരൽമലയ്ക്ക് സമീപമുള്ള മണിക്കുന്ന് മല, ചെമ്പ്രമല, കള്ളാടി, വെള്ളാരംകുന്ന് തുടങ്ങിയ 20 കേന്ദ്രങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്നതെന്ന് അമൃത സർവകലാശാല പ്രോ വൈസ് ചാൻസലറും സെന്റർ ഫോർ വയർലെസ് നെറ്റ്വർക്ക്സ് ഡയറക്ടറുമായ മനീഷ വി.രമേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

