കേരളതീരത്ത് മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മുന്നറിയിപ്പ്. സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് വഴിവെക്കുന്ന എൽ നിനോ പ്രതിഭാസം അടുത്ത വർഷത്തോടെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തെ മൊത്തം സമുദ്രമത്സ്യ ലഭ്യതയിൽ ഈ പ്രതിഭാസം ഇടിവുണ്ടാക്കിയേക്കും. ഒക്ടോബർ – നവംബർ മാസങ്ങളിൽ ശക്തിപ്രാപിക്കുമെന്ന് കരുതുന്ന എൽ നിനോയുടെ സ്വാധീനം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ – മേയ് മാസങ്ങളോടെ പ്രകടമാകുമെന്നാണ് സിഎംഎഫ്ആർഐയുടെ നിഗമനം.
ഈ പ്രതിഭാസം യാഥാർഥ്യമായാൽ സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയുകയും, അത് വിപണിയിൽ വില വർദ്ധനവിന് വഴിവെക്കുകയും ചെയ്തേക്കാം. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മത്തി ഉൾപ്പെടെയുള്ള ഉപരിതല മത്സ്യങ്ങളുടെ നിലനിൽപ്പിനെയാണ് ദോഷകരമായി ബാധിക്കുക.
സമുദ്രതാപനം തുടരുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുമെന്നും, ഇത് ചെമ്പല്ലി പോലുള്ള മത്സ്യങ്ങളുടെ പ്രജനനത്തെയും ലഭ്യതയെയും സാരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ, തീരദേശത്തെയും കായലുകളിലെയും ജലത്തിന്റെ ഘടനയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സൃഷ്ടിക്കും. ഇത് മത്സ്യകൃഷിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തെ കർഷകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

