ബിഗ് ബാഷ് ലീഗിന്റെ ഉദ്ഘാടന മത്സരം ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, ഐപിഎൽ (IPL) മത്സരങ്ങൾ ഓസ്ട്രേലിയയിൽ നടത്തണമെന്ന നിർദ്ദേശവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക നയതന്ത്രം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഡിസംബർ 12-ന് ചെന്നൈയിൽ അരങ്ങേറുന്ന മെൽബൺ റെനെഗേഡ്സ് – പെർത്ത് സ്കോർച്ചേഴ്സ് മത്സരം ഈ കായിക സഹകരണത്തിന്റെ ആദ്യ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. ബിഗ് ബാഷ് ലീഗ് മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിന് പകരമായി ഐപിഎൽ മത്സരം ഓസ്ട്രേലിയയിൽ നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി.
ഇതുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ബിസിസിഐയോ (BCCI) ക്രിക്കറ്റ് ഓസ്ട്രേലിയയോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചേർന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് പ്രഖ്യാപിച്ച ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് കൊളാബറേഷൻ റോഡ്മാപ്പിന്റെ ഭാഗമായാണ് ഈ കായിക കൈമാറ്റങ്ങൾ വിഭാവനം ചെയ്യുന്നത്. സ്പോർട്സ് സയൻസ്, അത്യാധുനിക പരിശീലന രീതികൾ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി യുവാക്കൾക്കായി ‘ഇന്ത്യ-ഓസ്ട്രേലിയ യൂത്ത് സ്പോർട്സ് ഫെസ്റ്റിവലും’ ആസൂത്രണം ചെയ്യുന്നുണ്ട്. ഭാവി കായിക ലക്ഷ്യങ്ങളെക്കുറിച്ച് മെൽബണിൽ വെച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് ഇങ്ങനെ: “2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയും, 2032-ലെ ബ്രിസ്ബേൻ ഒളിമ്പിക്സിന് ഓസ്ട്രേലിയയും ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ദശകം ഇരുരാജ്യങ്ങൾക്കും കായികരംഗത്ത് അതിപ്രധാനമാണ്.” നിലവിൽ ഐപിഎല്ലിന് ശേഷം ലോകത്തെ പ്രമുഖ ഫ്രാഞ്ചൈസി ലീഗുകളിൽ ഒന്നാണ് ബിഗ് ബാഷ്.
ചെന്നൈയിലെ മത്സരത്തെ ഒരു സ്ഥിരം വേദിയാക്കി മാറ്റാനും ക്രിക്കറ്റ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ വലിയ മാറ്റങ്ങൾക്ക് അത് വഴിയൊരുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

