ഇന്ത്യൻ അതിർത്തിക്ക് സമീപം തിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗൗരവതരമായ മുന്നറിയിപ്പുകളുമായി പഠന റിപ്പോർട്ട്. നിർമാണത്തിലിരിക്കുന്ന മെഡോഗ് ഡാം സജീവമായ ഭൂകമ്പ ഭ്രംശരേഖയ്ക്ക് (Active Seismic Fault Line) മുകളിലായാണ് സ്ഥിതി ചെയ്യുന്നതെന്ന് ചൈനീസ് ഭൂമിശാസ്ത്രജ്ഞരുടെ കണ്ടെത്തൽ വ്യക്തമാക്കുന്നു.
ചൈനീസ് ജിയോളജിക്കൽ സർവേയുടെ മേൽനോട്ടത്തിൽ നടന്നതും, ‘സെഡിമെന്ററി ജിയോളജി ആൻഡ് ടെതിയാൻ ജിയോളജി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതുമായ പഠനത്തിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്നും വെറും 50 കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം അതീവ ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചെങ്ഡു യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ചൈനീസ് ജിയോളജിക്കൽ സർവേയിലെയും വിദഗ്ധർ നടത്തിയ പഠനപ്രകാരം, ഡാം സൈറ്റിന് താഴെയുള്ള സജീവ ഭൂകമ്പമേഖല അണക്കെട്ടിന്റെയും സമീപത്തെ നിർമിതികളുടെയും ഘടനാപരമായ സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2017-ൽ ഈ പ്രദേശത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്.
നിരന്തരമായ ഭൂചലനങ്ങൾ കാരണം ഇവിടുത്തെ പാറക്കെട്ടുകൾക്ക് വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, ഇത് അണക്കെട്ടിന്റെ ഭീമമായ ഭാരം താങ്ങാനുള്ള ഭൂമിയുടെ ശേഷിയെ ദോഷകരമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 137 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിക്ക് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്.
ത്രീ ഗോർജസ് ഡാമിനേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള ഈ പദ്ധതിക്ക് 2024 ഡിസംബറിലാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. അണക്കെട്ട് പ്രവർത്തനസജ്ജമാവുകയും ജലസംഭരണി നിറയുകയും ചെയ്യുമ്പോൾ പ്രദേശത്ത് കടുത്ത മണ്ണിടിച്ചിലിനും മലയിടിച്ചിലിനും സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നിർമാണ ഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലും അതിശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത്രയും വലിയ ജലസംഭരണി തകർന്നാൽ ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
ബ്രഹ്മപുത്ര നദിയിലെ ജലപ്രവാഹം നിയന്ത്രിക്കാൻ ഈ അണക്കെട്ടിലൂടെ ചൈനയ്ക്ക് സാധിക്കുമെന്ന ആശങ്ക നേരത്തെതന്നെ ഉയർന്നിരുന്നു. അതേസമയം, ബ്രഹ്മപുത്രയിലെ ആകെ ജലത്തിന്റെ 10 മുതൽ 15 ശതമാനം മാത്രമാണ് തിബറ്റിൽ നിന്നുള്ളതെന്നും, ബാക്കി ഭാഗം ഇന്ത്യയിലെ പോഷക നദികളിൽ നിന്നും മൺസൂൺ മഴയിൽ നിന്നുമാണ് ലഭിക്കുന്നതെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

