രാജ്യത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാന ശിലകളാണ് വീട്ടമ്മമാരെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മോട്ടോർ വാഹന അപകട
ഇൻഷുറൻസ് ക്ലെയിം തുക കണക്കാക്കുന്നതിനായി വീട്ടമ്മമാരുടെ പ്രതിമാസ സാങ്കൽപ്പിക വരുമാനം (notional monthly income) 30,000 രൂപയായി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസിൻ്റെ പശ്ചാത്തലം 2001 നവംബർ 25-ന് റോഡപകടത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക 8.4 ലക്ഷം രൂപയിൽ നിന്ന് 62.78 ലക്ഷം രൂപയായി കോടതി ഉയർത്തി.
2023 ഡിസംബറിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2,42,000 രൂപ നൽകാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് 2024 ഡിസംബറിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് 7.5 ശതമാനം പലിശയോടെ 8.43 ലക്ഷം രൂപയായി വർധിപ്പിച്ചു.
ഇതിനെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിരീക്ഷണങ്ങൾ കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ വീട്ടമ്മമാരെ ആശ്രയിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരു വീട്ടമ്മ ഭർത്താവിനും കുട്ടികൾക്കുമായി ചെയ്യുന്ന ശാരീരികവും മാനസികവുമായ അധ്വാനം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല, മറിച്ച് അതിന്റെ സ്വാധീനം വളരെ വലുതാണ്. വീട്ടിലെ വരുമാനമുള്ള അംഗങ്ങൾ പോലും യഥാർത്ഥത്തിൽ വീട്ടമ്മമാരെയാണ് ആശ്രയിക്കുന്നത്.
എന്നാൽ ഈ യാഥാർത്ഥ്യത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. വീട്ടമ്മയുടെ വിയോഗം സൃഷ്ടിക്കുന്ന നഷ്ടം കേവലം കണക്കുകൾ കൊണ്ട് അളക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വീട്ടമ്മമാർ ചെയ്യുന്ന പാചകം, വൃത്തിയാക്കൽ, പരിചരണം തുടങ്ങിയ സേവനങ്ങൾ രാജ്യത്തിന്റെ ജിഡിപിയിൽ ഇടംപിടിക്കുന്നില്ല. ഇന്ത്യയുടെ ജിഡിപിയുടെ 15 മുതൽ 17 ശതമാനം വരെ സംഭാവന ചെയ്യുന്നത് സ്ത്രീകളുടെ ഈ പ്രതിഫലമില്ലാത്ത സേവനങ്ങളാണ്.
സാമൂഹികമായ അസമത്വം കാരണം രാജ്യത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 31.7 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ തുടരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ‘ഹൗസ് വൈഫ്’ എന്ന പദത്തിൽ നിന്ന് ബഹുമുഖ പ്രതിഭയായ ‘ഹോം മേക്കർ’ എന്ന പദവിയിലേക്ക് സ്ത്രീകൾ ഉയർന്നത് കാലത്തിന്റെ അനിവാര്യതയാണെന്നും, മനുഷ്യ വിഭവശേഷി രൂപപ്പെടുത്തുന്നതിൽ അമ്മമാരുടെ പങ്ക് നിസ്തുലമാണെന്നും ബെഞ്ച് വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

