ആയൂർ പരിസരങ്ങളിൽ വാഹനങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന മഞ്ഞ ലൈറ്റുകളുടെ അമിത ഉപയോഗം രാത്രികാല യാത്രക്കാർക്ക് കനത്ത വെല്ലുവിളിയാകുന്നു. നിലവിൽ, പ്രൊജക്ടഡ് വിഭാഗത്തിൽപ്പെട്ട
തീവ്രത കൂടിയ മഞ്ഞ ലൈറ്റുകളാണ് ഒട്ടുമിക്ക വാഹനങ്ങളിലും ഘടിപ്പിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ പോലും ഇത്തരം ലൈറ്റുകൾ തെളിയിച്ചു യാത്ര ചെയ്യുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചയെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളുള്ള, മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ളവയാണ് ഇത്തരം ലൈറ്റുകൾ. ഇവയുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങളും ചട്ടങ്ങളുമുണ്ട്.
മഞ്ഞുവീഴ്ചയില്ലാത്ത സമയങ്ങളിൽ ഇത്തരം ലൈറ്റുകൾ മൂടിവെക്കേണ്ടതാണ്. ഇക്കാര്യത്തിൽ കർശന മുന്നറിയിപ്പുമായി കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലു രംഗത്തെത്തിയിട്ടുണ്ട്.
അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “എതിരെ വരുന്ന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള റിഫ്ലക്ടർ ടൈപ്പ് മഞ്ഞ ലൈറ്റുകൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. വാഹനങ്ങൾ അപകടത്തിൽ പെടാൻ ഇതു കാരണമാകും.
നിർമാതാക്കൾ നൽകുന്ന ലൈറ്റുകൾക്കു പുറമേ ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ വാഹന ഉടമകൾ ഇക്കാര്യം ശ്രദ്ധിക്കണം.” നിർദേശങ്ങൾ നിലനിൽക്കെ, മിക്ക വാഹന ഉടമകളും ഇവ അവഗണിച്ച് നഗരങ്ങളിലും സാധാരണ പാതകളിലും ഇത്തരം ഫോഗ് ലാംപുകൾ ഉപയോഗിക്കുന്നത് പതിവാണ്. ഇരുചക്ര വാഹനങ്ങളിൽ പോലും അലങ്കാരമായി ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്.
എആർഎഐ (ARAI) അംഗീകാരമുള്ള ലൈറ്റുകൾക്ക് പ്രകാശം കുറവാണെന്ന തെറ്റായ ധാരണയിലാണ് പലരും തീവ്രത കൂടിയ ലൈറ്റുകളിലേക്ക് മാറുന്നത്. നിയമവിരുദ്ധമായി ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് 5000 രൂപ പിഴ ചുമത്തുന്നുണ്ട്.
നിയമനടപടികൾക്കൊപ്പം തന്നെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന ആവശ്യം ഉയരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

