പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പ്, സംഘടനയുടെ സാമ്പത്തിക ഭദ്രതയെയും ആസ്തികളെയും സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഇലക്ടറൽ ബോണ്ടുകൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ 2475 കോടി രൂപയാണ് പാർട്ടി സമാഹരിച്ചത്. ഇതിനു പുറമെ കൊൽക്കത്തയിലടക്കം സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ഓഫീസ് കെട്ടിടങ്ങളും സ്വത്തുക്കളും പാർട്ടിയുടെ പേരിലുണ്ട്.
2025 ഒക്ടോബർ 13-ന് സമർപ്പിച്ച ആദായനികുതി റിട്ടേൺ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 219.3538 കോടി രൂപയാണ് പാർട്ടിയുടെ വരുമാനം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് മെയ് 27-ന് പുറത്തുവിട്ട
റിപ്പോർട്ടിൽ, ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ പ്രാദേശിക പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 646.293 കോടി രൂപ പാർട്ടിക്ക് ലഭിച്ചിരുന്നു.
സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുന്നത് വരെ, 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെ 1,609.5 കോടി രൂപയാണ് പാർട്ടി കൈപ്പറ്റിയത്. സംസ്ഥാനത്തെ ഭൂരിഭാഗം എംഎൽഎമാരും (80-ൽ 58 പേർ) നിലവിൽ വിമത പക്ഷത്തേക്ക് മാറിയിട്ടുണ്ട്.
ലോക്സഭ, രാജ്യസഭ എംപിമാരും കൂട്ടരാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഔദ്യോഗിക പാർട്ടിയെന്ന നിലയിൽ ഫണ്ടും ആസ്തികളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വിമത വിഭാഗം വാദിച്ചേക്കും. മഹാരാഷ്ട്രയിൽ ശിവസേനയിലും എൻസിപിയിലുമുണ്ടായ സമാനമായ രാഷ്ട്രീയ പ്രതിസന്ധികൾ ബംഗാളിലും ആവർത്തിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
അത്തരം സാഹചര്യമുണ്ടായാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിധേയമായി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം മമതാ ബാനർജിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധി മുന്നിൽ കണ്ട്, പാർട്ടി ഫണ്ട് വിമതരുടെ കൈകളിലെത്തുന്നത് തടയാൻ മമതാ ബാനർജിയും വിശ്വസ്തരും നിയമപരമായ മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ആലോചനയിലുള്ളത്. ഏത് വിഭാഗമാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചാലും, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് ഉറപ്പാണ്.
രണ്ട് വിമത ഗ്രൂപ്പുകളും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നത് മമത ക്യാമ്പിന് തൽക്കാലം ആശ്വാസം നൽകുന്നുണ്ടെങ്കിലും, രാഷ്ട്രീയ അധികാരത്തിനൊപ്പം വലിയൊരു സാമ്പത്തിക അടിത്തറകൂടിയാണ് മമതയ്ക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

