സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് ശക്തമാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി. സംഭവത്തിൽ അസം നാഗോൺ സ്വദേശിയായ ഷാഹിദ ഖാത്തൂൺ (25) ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ യുവതിയുടെ പക്കൽ നിന്നും 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. സിപ് ലോക്ക് കവറുകളിലും ചെറിയ കുപ്പികളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ചാണ് പ്രതി ലഹരി വിൽപ്പന നടത്തിവന്നിരുന്നത്. അസമിൽ നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കൾ ഒരു കുപ്പിക്ക് 1,000 രൂപ എന്ന നിരക്കിലാണ് ഇവർ വിപണനം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്ന ഇടപാടുകാരെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിച്ചതായും പോലീസ് വ്യക്തമാക്കി. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്പെക്ടർ എൽ അനിൽ കുമാർ, എസ്ഐ ജോജോ ജോർജ് എന്നിവരോടൊപ്പം സിവിൽ പോലീസ് ഓഫീസർമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും പ്രദേശത്ത് കർശനമായ പരിശോധനകൾ തുടരുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

