പാലക്കാട് കഞ്ചിക്കോട് ഓൾഡ് ഇൻഡസ്ട്രിയൽ ഏരിയയിൽ വ്യവസായ ഭൂമിക്ക് സർവേ സ്കെച്ച് ലഭിക്കാൻ മാസങ്ങളായി ഉദ്യോഗസ്ഥതലത്തിൽ നേരിട്ട തടസ്സങ്ങൾ ഒടുവിൽ പരിഹരിക്കപ്പെട്ടു.
എറണാകുളം കാലടി സ്വദേശിയായ എം.ടി.ജോഷി എന്ന സംരംഭകൻ തന്റെ പ്രയാസം മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയതോടെയാണ് വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായത്. പത്ത് വർഷം മുൻപാണ് ജോഷി വ്യവസായ ഭൂമിക്കായി അപേക്ഷ സമർപ്പിച്ചത്.
തുടർന്ന് നാല് വർഷം മുൻപ് 50 സെന്റ് ഭൂമി അനുവദിച്ചതായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതിന്റെ പാട്ടത്തുകയുടെ 40% തുക ജോഷി അടച്ചെങ്കിലും, മുൻപ് ഭൂമി കൈവശം വെച്ചിരുന്നയാൾ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികൾ സ്തംഭിച്ചു.
കഴിഞ്ഞ വർഷം വീണ്ടും 50 സെന്റ് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന്, ബാക്കി തുക കൂടി അടച്ച് ‘അലൻ പോളിമേഴ്സ്’ എന്ന സ്ഥാപനം ആരംഭിക്കാനുള്ള നടപടികളിലേക്ക് അദ്ദേഹം കടന്നു. ആറു മാസം മുൻപ് ഉദ്യോഗസ്ഥർ സ്ഥലത്ത് സർവേ നടത്തിയെങ്കിലും, സ്കെച്ച് വ്യവസായ വകുപ്പിന് കൈമാറാൻ തയാറായില്ല.
പലതവണ ആവശ്യപ്പെട്ടിട്ടും സ്കെച്ച് ലഭിക്കാതെ വന്നതോടെ സംരംഭം വലിയ പ്രതിസന്ധിയിലായി. ചുമതലപ്പെട്ട
ഉദ്യോഗസ്ഥൻ ജോഷിയുടെ ഫോൺ കോളുകൾ പോലും എടുക്കാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹം പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിന് താഴെ പരാതി രേഖപ്പെടുത്തി അരമണിക്കൂറിനുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു.
തിങ്കളാഴ്ച താലൂക്ക് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതനുസരിച്ച് ജോഷി അവിടെയെത്തി. തുടർന്ന് ഭൂരേഖ തഹസിൽദാരുടെ ഇടപെടലിലൂടെ ഇന്നലെ തന്നെ സ്കെച്ചും അനുബന്ധ രേഖകളും ലഭ്യമാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

