കുമ്പളം ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ആനുകൂല്യം തട്ടിയെടുക്കാൻ വ്യാജരേഖകൾ ഉപയോഗിക്കുന്നതായി പരാതി. ടോൾ നൽകാതിരിക്കാൻ പ്രദേശവാസികളുടെ വിലാസമുള്ള ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ പുറത്തുനിന്നുള്ളവർ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ ഒരാൾക്കെതിരെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചു. പ്രാദേശികവാസികൾക്ക് ടോൾ നൽകേണ്ടതില്ല എന്ന ആനുകൂല്യം മുതലെടുത്ത്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് ഇവർ യാത്ര ചെയ്യുന്നത്.
ടോൾ പ്ലാസയിലെ തിരക്കിനിടയിൽ ജീവനക്കാർ ഫോട്ടോ സൂക്ഷ്മമായി പരിശോധിക്കാത്ത സാഹചര്യം മുതലെടുത്താണ് ഈ തട്ടിപ്പ് നടക്കുന്നത്. വിലാസം മാത്രം നോക്കി ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിടുന്ന രീതിയാണ് നിലവിലുള്ളത്.
സംശയകരമായ സാഹചര്യത്തിൽ ചിലരുടെ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മറ്റൊരാളുടെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സ്ഥിരമായി ടോൾ ഒഴിവാക്കി യാത്ര ചെയ്തിരുന്ന അരൂക്കുറ്റി വടുതല സ്വദേശിക്കെതിരെയാണ് നടപടിയുണ്ടായത്.
കുമ്പളം സ്വദേശിയായ ബന്ധുവിന്റെ ലൈസൻസ് ഉപയോഗിച്ചാണ് ഇയാൾ ടോൾ വെട്ടിച്ചത്. ആദ്യത്തെ സംഭവമായതിനാൽ ഇയാൾക്കെതിരെ ക്രിമിനൽ കേസെടുത്തിട്ടില്ല.
പകരം, ഡ്രൈവിങ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന കർശന നിർദേശത്തോടെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ടോൾ പ്ലാസയിലെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

