മുത്തങ്ങ സംഭവത്തിനുശേഷം അധികാരത്തിൽവന്ന ഇടതുസർക്കാർ മുത്തങ്ങ ഭൂസമരക്കാർക്ക് ഭൂമി നൽകാനും കേസുകൾ പിൻവലിക്കാനും നഷ്ടപരിഹാരം അനുവദിക്കാനും നടപടിയെടുത്തിരുന്നില്ല. 2014ൽ ആദിവാസികൾ 6 മാസത്തോളം സെക്രട്ടേറിയറ്റിനു മുന്നിൽ നിൽപുസമരം നടത്തിയതിനെത്തുടർന്നാണ് അന്നത്തെ മന്ത്രി പി.കെ.
ജയലക്ഷ്മി മുൻകയ്യെടുത്ത് മുത്തങ്ങ സമരക്കാർക്കായി പാക്കേജ് ഉണ്ടാക്കിയത്. 445 കുടുംബങ്ങളെയാണ് ആദ്യം പാക്കേജിൽ ഉൾപ്പെടുത്തിയത്.
പട്ടികവർഗ വികസന വകുപ്പ് റിപ്പോർട്ട് ചെയ്തതനുസരിച്ച് മുത്തങ്ങ സമരത്തിൽ പങ്കെടുത്തതിൽ 821 കുടുംബങ്ങൾക്കു ഭൂമിക്ക് അർഹതയുണ്ട്. ഇതിൽ ഗുരുതരമായ അതിക്രമങ്ങൾക്കും പീഡനത്തിനും ഇരയായ 283 കുടുംബങ്ങളെയാണ് ആദ്യം തിരഞ്ഞെടുത്ത് ഉത്തരവിറക്കിയത്.
ബാക്കി കുടുംബങ്ങൾക്കു ഭൂമി ലഭിക്കാനുണ്ട്. അതേസമയം, വാസത്തിനും കൃഷിക്കും യോജിച്ച ഭൂമിയല്ല ഭൂരിഭാഗം കുടുംബങ്ങൾക്കും ലഭിച്ചത്.
നഷ്ടമാക്കിയത് പൊന്നോമനയെ
ബത്തേരി ∙ ജനിച്ചു 17 ദിവസം പ്രായമായ കൈക്കുഞ്ഞുമായി കാട്ടിലൊളിക്കേണ്ടി വന്ന ഗോത്ര യുവതി മാളു ഇന്ന് പുലിതൂക്കി ഉന്നതിയിൽ ഒറ്റയ്ക്കാണ്. വെടിവയ്പിനെ തുടർന്നു ദിവസങ്ങളോളം നീണ്ട
ഭീകരന്തരീക്ഷത്തിൽ മാളുവിന് നഷ്ടമായത് 17 ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ്. പൂർണവളർച്ചയെത്താതെ ഏഴാം മാസം ജനിച്ച കുഞ്ഞിനു പരിചരണം ഏറെ ആവശ്യമുണ്ടായിരുന്നു.
ആ സമയത്താണ് മുത്തങ്ങ വെടിവയ്പിനെ തുടർന്ന് പൊലീസ് ഉന്നതിയിലേക്ക് കുതിച്ചെത്തിയത്. ഭർത്താവ് നാരായണൻ, അമ്മാവൻ പാലൻ, സഹോദരൻ വെള്ളി എന്നിവരെ പൊലീസ് പിടിച്ചു കൊണ്ടു പോയി.
ഭയന്നു പോയ മാളവും ബന്ധുക്കളും ഉന്നതിക്കു സമീപത്തെ ഘോരവനത്തിലേക്ക് ഓടി. രണ്ടു മൂന്നു ദിവസം കുഞ്ഞുമായി കാട്ടിലും സമീപത്തെ തോട്ടങ്ങളിലും ഒളിച്ചു.
കുഞ്ഞിനു ശ്വാസംമുട്ട് കൂടിയതോടെ തിരികെ ഉന്നതിയിലെത്തുകയും കുഞ്ഞിനെ ബത്തേരി ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് നാരായണൻ പിന്നീടു മരിച്ചു. ദൂരെയുള്ള വീടുകളിൽ ജോലി ചെയ്താണ് മാളു കഴിയുന്നത്.
മേപ്പാടിക്കടുത്ത് സ്ഥലം അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും ഏറെ ദൂരെയുള്ള പ്രദേശമായതിനാൽ പോയില്ല. സമീപ പ്രദേശത്ത് ഭൂമി അനുവദിക്കണമെന്നാണ് മാളുവിന്റെ ആവശ്യം.
ഓർമയുണ്ടോ ജോഗിയെ?
പയ്യമ്പള്ളി ∙ അപ്പനായിരുന്നു ഏക ആശ്രയം, അതു പോയില്ലേ..പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഭൂസമരത്തിൽ അപ്പൻ കൊല്ലപ്പെടുന്നത്. ആ ദിവസം ഒരിക്കലും മറക്കില്ല.
അപ്പന് ആകെ ആറു മക്കളായിരുന്നു. മക്കളിൽ ഒരാളായ സീതയ്ക്കു ജോലി നൽകാൻ സർക്കാർ തയാറായി.
എന്നാലും ഞങ്ങളുടെ കുടുംബം ഇപ്പോഴും ദാരിദ്ര്യത്തിൽത്തന്നെ മുത്തങ്ങ ഭൂസമരത്തിനിടെ കൊല്ലപ്പെട്ട ജോഗിയുടെ മകൾ ബിന്ദു കണ്ണീരോടെ പറയുന്നു.
ജോഗിയുടെ മക്കളിൽ ബിന്ദുവും ശിവനും മാദനും കൂലിപ്പണിക്കാരാണ്. വിജയൻ, സിന്ധു എന്നീ മറ്റു രണ്ടു മക്കൾ രോഗത്താൽ വലയുന്നു.
അപസ്മാര രോഗിയായ സിന്ധുവിനു മരുന്നു വാങ്ങാനായി മാത്രം ദിവസവും 500 രൂപ ചെലവു വരുമെന്നു ബിന്ദു പറയുന്നു. സിന്ധുവിന്റെ പരിപാലനത്തിനായി ബിന്ദു മുഴുവൻ സമയവും ഒപ്പമുണ്ട്.
കൂലിപ്പണിക്കു പോയാണു ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. സർക്കാർ ഒരു തരത്തിലുള്ള സഹായവും നൽകുന്നില്ലെന്നു കുടുംബം ആരോപിച്ചു.
നടുവിനുണ്ടായ ആരോഗ്യപ്രശ്നം കാരണം വിജയനു ജോലിക്കു പോകാൻ കഴിയില്ല. രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു.
സർക്കാർ നിർമിച്ചു നൽകിയ വീട് കിട്ടിയത് വിജയനാണ്. എന്നാൽ മറ്റു വരുമാന മാർഗം ഒന്നുമില്ലാത്തതിനാൽ കഴിഞ്ഞു കൂടാൻ വലിയ ബുദ്ധിമുട്ടാണ്.
ഉറ്റവരും സന്നദ്ധസംഘടനകളും നൽകുന്ന സഹായം കൊണ്ടുമാത്രമാണ് ഇപ്പോൾ ജീവിക്കുന്നതെന്നു വിജയൻ പറയുന്നു. ജോഗിയുടെ കുടുംബത്തിനു സ്വന്തമായി കൃഷി ഭൂമിയില്ല.
ഇവരുടെ ഊരിൽനിന്ന് 30 കിലോമീറ്റർ അകലെ സർക്കാർ വെള്ളമുണ്ട വില്ലേജിൽ നൽകിയ ഒരേക്കർ ഭൂമി വാസയോഗ്യമല്ലെന്നും കാടുമൂടിയതിനാൽ കൃഷി ചെയ്യാനാകില്ലെന്നും ജോഗിയുടെ കുടുംബാംഗങ്ങൾ പറയുന്നു.
സിപിഐ നൽകിയ രണ്ടു ലക്ഷം രൂപ മാത്രമാണ് ഇതുവരെ സാമ്പത്തികമായി കിട്ടിയ സഹായമെന്നു മകൻ ശിവൻ പറഞ്ഞു. രോഗികളായ വിജയൻ, സിന്ധു എന്നിവർക്കെങ്കിലും പെൻഷൻ അനുവദിക്കണമെന്ന ആവശ്യമാണു കുടുംബനുള്ളത്.
ചന്ദ്രികയും കുടുംബവും ഇന്നും അതേ കൂരയിൽ
ബത്തേരി ∙ ഇരുപത്തിമൂന്ന് വർഷം മുൻപ് ഇതേ പ്ലാസ്റ്റിക് കൂരയിൽ നിന്നാണ് ചന്ദ്രിക, ഭർത്താവ് ബാലന്റെ കൈ പിടിച്ച് 5 കിലോമീറ്റർ മാത്രം മാറിയുള്ള മുത്തങ്ങ സമരഭൂമിയിലേക്ക് നീങ്ങിയത്. സമരത്തിനിറങ്ങുമ്പോൾ 24 വയസ്സായിരുന്നു.
ഇടക്കൊരുനാൾ സമരക്കുടിലിൽ നിന്ന് ഊരിലേക്കു തിരികെ വന്ന സമയത്തായിരുന്നു വെടിവയ്പ്. വെടിവയ്പിനു ശേഷം ഇരച്ചെത്തിയ പൊലീസ് ഊരിലാകെ ഭീതി പരത്തി.
കുറച്ചു പേരെ പിടിച്ചു കൊണ്ടു പോയി. സമര കോലാഹലങ്ങൾക്കു ശേഷം പലർക്കും ഭൂമി അനുവദിച്ചതായി അറിഞ്ഞെങ്കിലും തങ്ങൾക്ക് ഒരു തുണ്ടു സ്ഥലവും ലഭിച്ചില്ലെന്ന് ഇന്നും അതേ കൂരയിൽ കഴിയുന്ന കല്ലൂർ പുലിതൂക്കിയിലെ ചന്ദ്രിക പറയുന്നു.
ഭർത്താവ് 5 വർഷം മുൻപ് മരിച്ചു. മക്കളായ സുനീഷും സുധീഷും മരുമക്കളായ സരിതയും മൃദുലയും കൊച്ചുമകൻ സായി കൃഷ്ണയും ഈ ഒറ്റമുറിക്കൂരയിൽ ഇപ്പോഴും ഒന്നിച്ചു കഴിയുന്നു.
അവരിന്നും ആർക്കും വേണ്ടാത്തവർ
മുത്തങ്ങയ്ക്കടുത്ത് കല്ലൂർ പുലിതൂക്കി ഉന്നതിയിൽ നിന്ന് ഒട്ടേറെ കുടുംബങ്ങൾ ഭൂസമരത്തിൽ പങ്കെടുത്തു. അവരിലാർക്കും മുത്തങ്ങ പാക്കേജ് പ്രകാരമുള്ള സ്ഥലമോ വീടോ ലഭിച്ചിട്ടില്ല.
ശൗചാലയങ്ങളും പുതിയ വീടുകളുമില്ലാത്ത പുലിതൂക്കിക്കാർ മുത്തങ്ങ സമരം തന്നെ മറന്ന മട്ടാണ്. മുത്തങ്ങ കേസിലെ വിധി വന്ന വിവരം പോലും ആരും അറിഞ്ഞിരുന്നില്ല.
ഒരു മാസം ജയിലിൽ; കമ്മാട്ടിയെ കൈവിട്ടു സർക്കാർ
ബത്തേരി ∙ ഒരു മാസത്തെ ജയിൽവാസമായിരുന്നു കമ്മാട്ടിയെന്ന എഴുപതുകാരിക്ക് മുത്തങ്ങ സമരത്തിന്റെ ബാക്കിപത്രം. മരത്തോട് അന്ന് അനുഭാവമായിരുന്നു.
വെടിവയ്പിനു ശേഷം ഉന്നതിയിലെത്തിയ പൊലീസ് കമ്മാട്ടിയെ പിടിച്ചു ജീപ്പിൽ കയറ്റി. എന്താണ് താൻ ചെയ്ത കുറ്റമെന്നു പോലും ചോദിക്കാൻ കഴിഞ്ഞില്ല.
നേരെ കണ്ണൂർ ജയിലിലേക്കാണ് കൊണ്ടുപോയത്. പൊലീസിനു പുറമേ വന്നവരാരൊക്കെയോ ഊരിലെ ആദിവാസികളെ കൈകാര്യം ചെയ്തു.
പലരും ഭയന്ന് കാട്ടിൽ ഒളിച്ചു. കമ്മാട്ടിയുടെ ഭർത്താവ് ചിക്കണൻ നേരത്തെ മരിച്ചു.
ആറു മക്കളുണ്ട്. ഭൂമസരത്തിൽ പങ്കെടുത്തെന്ന് കരുതി ഒരു തുണ്ടു ഭൂമിയോ വീടോ ഇന്നു വരെ ലഭിച്ചിട്ടില്ലെന്ന് കമ്മാട്ടി പറയുന്നു.
സർക്കാരിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ല. മുളകു പറിക്കാൻ പോയി പൊലീസിനെ ഭയന്ന് വീട്ടിലേക്കു വരാതെ വെള്ളി
ബത്തേരി ∙ തോട്ടാമൂലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുരുമുളകു പറിക്കാൻ പോയപ്പോഴായിരുന്നു മുത്തങ്ങ വെടിവയ്പെന്ന് പുലിതൂക്കി ഊരിലെ വെള്ളി പറയുന്നു.
അന്ന് പുലിതൂക്കിയിലെ പലർക്കും മർദ്ദനമേൽക്കേണ്ടി വന്നു. ചിലരൊക്കെ കാട്ടിലൊളിച്ചു.
തങ്ങൾ മാസങ്ങളോളം വീട്ടിലേക്കു വന്നില്ലെന്നാണ് വെള്ളി പറയുന്നത്. വീടും സ്ഥലവുമൊന്നും ഇതേവരെ ലഭിച്ചിട്ടില്ല.
കുടിലിൽ ആണു താമസം. കാലിന് അസുഖം വന്നതിനെ തുടർന്ന് വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

