സിഎംആർഎൽ (CMRL) – എക്സാലോജിക് (Exalogic) ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകേണ്ടിയിരുന്ന വീണ വിജയൻ, സാവകാശം തേടി അപേക്ഷ നൽകി.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് ഇന്നലെ രാവിലെ ഇമെയിൽ മുഖേന ഇ.ഡി ഓഫിസിൽ ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തന്റെ അഭിഭാഷകൻ വഴി സമർപ്പിക്കാൻ തയ്യാറാണെന്ന് വീണ വിജയൻ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അപേക്ഷയിൽ ഇ.ഡിയുടെ നിലപാട് ഇന്ന് തന്നെ അറിയിക്കും.
സാധാരണയായി, അനാരോഗ്യം മൂലമുള്ള അവധി അപേക്ഷകൾക്കൊപ്പം വൈദ്യപരിശോധനാ രേഖകൾ കൂടി ഹാജരാക്കിയാൽ ഇ.ഡി അത് പരിഗണിക്കാറുണ്ട്. എന്നിരുന്നാലും, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (PMLA) വകുപ്പ് – 50 പ്രകാരം നൽകുന്ന സമൻസിൽ കക്ഷി നേരിട്ടുതന്നെ ഹാജരാകണമെന്നാണ് നിയമവ്യവസ്ഥ.
സിവിൽ കോടതി നൽകുന്ന സമൻസിന് തുല്യമായ നിയമസാധുതയാണ് ഈ വകുപ്പിനുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി കക്ഷിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തേണ്ട
സാഹചര്യം ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സത്യം ചെയ്യിച്ചായിരിക്കും നടപടികൾ. അതിനാൽ തന്നെ, ഇത്തരം സാഹചര്യങ്ങളിൽ അഭിഭാഷകൻ മുഖാന്തരം മാത്രം ഹാജരാകുന്നതിന് അനുവാദം ലഭിക്കാൻ സാധ്യത കുറവാണ്.
ഒരു ദിവസത്തെ സാവകാശം അനുവദിച്ചാലും, നിശ്ചയിക്കപ്പെടുന്ന അടുത്ത തീയതിയിൽ വീണ വിജയൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

