സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റും കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയുമായ യുവാവ് ലഹരിമരുന്നുമായി പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ അർഷാദ് അലി (അജ്ജു – 33) ആണ് ഗുരുഗ്രാമിലെ ദൗലത്താബാദിലുള്ള ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ വെച്ച് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രാജ്യാന്തര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് സ്വകാര്യ എയർലൈനിൽ പൈലറ്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇയാൾ നിലവിൽ മറ്റ് കമ്പനികളിലൊന്നും ജോലി ചെയ്യുന്നില്ല.
നോയിഡയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകിയാണ് ഇയാൾ എംഡിഎംഎ വാങ്ങിയതെന്നാണ് പ്രാഥമിക വിവരം. ലഹരിമരുന്നു വിൽപന നടത്തിയ ശേഷം ബാക്കി തുക നൽകാനായിരുന്നു ഇവരുടെ ഇടയിലുള്ള ധാരണ.
ആദ്യം സ്വന്തം ആവശ്യത്തിനായി മാത്രം എംഡിഎംഎ വാങ്ങി ഉപയോഗിച്ചിരുന്ന ഇയാൾ, പിന്നീട് ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം മനസ്സിലാക്കിയാണ് ലഹരിമരുന്നു വിൽപനയിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ എൻഡിപിഎസ് ആക്ട് പ്രകാരം രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

