**ലഖ്നൗ:** ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവാഹവിരുന്നിനിടെയുണ്ടായ തർക്കം ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു. കഴിക്കാനിരുന്ന ആളുടെ വസ്ത്രത്തിൽ അബദ്ധത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് വലിയ സംഘർഷമായി മാറിയത്.
സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുമിത് എന്ന യുവാവ് ശനിയാഴ്ച മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഗോരഖ്പൂർ മുനിസിപ്പൽ ജീവനക്കാരന്റെ മകളുടെ വിവാഹത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
വരന്റെ കൂടെയെത്തിയ സംഘത്തിലൊരാളുടെ വസ്ത്രത്തിൽ ചിക്കൻ കറി വീണതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും അത് കല്ലേറിലും കയ്യാങ്കളിയിലും എത്തുകയുമായിരുന്നു.
മുളവടികളും വാളുകളുമായി ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ സന്തോഷം നിറഞ്ഞ വിവാഹപ്പന്തൽ പെട്ടെന്ന് യുദ്ധക്കളമായി മാറി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഘർഷത്തിൽ മറ്റ് നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സുമിത്തിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
വിവാഹസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏഴ് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

