ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് പേർക്ക് സ്ക്രബ് ടൈഫസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഗ്രാമീണ മേഖലയായ പട്ല (മുറാദ്നഗർ), അനിൽ വിഹാർ, ഖോഡ കോളനി എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.
കാലവർഷക്കെടുതിയെ തുടർന്ന് പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് രോഗവാഹികളുടെ വർദ്ധനവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിലുടനീളമുള്ള ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘റാപ്പിഡ് റെസ്പോൺസ് ടീമുകളെ’ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ ആശ പ്രവർത്തകർ, എ.എൻ.എം (ANM) എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ കയറി പരിശോധനകളും ബോധവൽക്കരണങ്ങളും പുരോഗമിക്കുകയാണ്.
എന്താണ് സ്ക്രബ് ടൈഫസ്? ‘ഓറിയൻഷ്യ സുത്സുഗമുഷി’ (Orientia tsutsugamushi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ജീവികൾ വഴി പകരുന്ന ഈ ബാക്ടീരിയൽ അണുബാധ ‘റിക്കറ്റ്സിയൽ’ (rickettsial) വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.
തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗം പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയിൽ നിന്നും വ്യത്യസ്തമായി, ‘ചിഗേഴ്സ്’ (chiggers) എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മമായ ‘ട്രോംബിക്കുലിഡ് മൈറ്റുകളുടെ’ (trombiculid mites) ലാർവകളുടെ കടിയിലൂടെയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്.
കാടുപിടിച്ച പുൽമേടുകൾ, കുറ്റിക്കാടുകൾ, കൃഷിയിടങ്ങൾ, എലികളുടെ സാന്നിധ്യം കൂടുതലുള്ള ഇടങ്ങൾ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. പ്രധാന ലക്ഷണങ്ങൾ രോഗബാധയുള്ള ലാർവ കടിച്ച് 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പനി ലക്ഷ്യങ്ങൾ കണ്ടുതുടങ്ങും.
രോഗികളിൽ സാധാരണയായി ഈ പനി ദീർഘനേരം നീണ്ടുനിൽക്കുന്നതായി കാണാറുണ്ട്. കഠിനമായ തലവേദന, വിശപ്പില്ലായ്മ, ദേഹാസ്വാസ്ഥ്യം, ശരീരവേദന, പേശികളുടെ വേദന എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ.
കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗം ഗുരുതരമാകാനും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സങ്കീർണ്ണതകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. പ്രതിരോധ മുൻകരുതലുകൾ
* പാർക്കുകൾ, കൃഷിയിടങ്ങൾ, പുല്ല് വളർന്നുനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ കൈകൾ പൂർണ്ണമായി മൂടുന്ന ഷർട്ടുകളും പാദങ്ങൾ മറയുന്ന തരം പാദരക്ഷകളും ധരിക്കുക.
* കീടങ്ങളെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
‘ചിഗർ’ പ്രാണികളെ തുരത്തുന്നതിനായി DEET അല്ലെങ്കിൽ picaridin അടങ്ങിയ ലേപനങ്ങൾ ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിലും വസ്ത്രങ്ങളിലും പുരട്ടുക.
* വീടിനു ചുറ്റുമുള്ള പുൽത്തകിടികൾ വെട്ടി ഒതുക്കി സൂക്ഷിക്കുകയും ഇടതൂർന്ന കുറ്റിച്ചെടികളും കളകളും നീക്കം ചെയ്യുകയും ചെയ്യുക.
* താമസസ്ഥലങ്ങളിൽ എലികളുടെ ശല്യം ഒഴിവാക്കാനായി ഭക്ഷണസാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയോ പരിസരം എപ്പോഴും ശുചിത്വത്തോടെ പരിപാലിക്കുകയോ ചെയ്യുക.
* കുറ്റിക്കാടുകളിലോ വനപ്രദേശങ്ങളിലോ ജോലി ചെയ്യുകയോ സഞ്ചരിക്കുകയോ ചെയ്ത ശേഷം വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ അലക്കുകയും ശരീരം നന്നായി കുളിച്ചു വൃത്തിയാക്കുകയും ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

