റാന്നിയിൽ വയോധികയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുസംഘത്തിന്റെ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെടുത്തി. മുംബൈ പൊലീസിന്റെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്ന് പണം ആവശ്യപ്പെട്ട
തട്ടിപ്പുകാരന് തക്കതായ മറുപടിയാണ് റാന്നി സിഐ നൽകിയത്. സംഭവം ഇങ്ങനെ: മക്കപ്പുഴ സ്വദേശിനിയായ 73 വയസ്സുകാരിയിൽ നിന്നും 5.60 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ടു നാലരയോടെയാണ് സംഭവം നടക്കുന്നത്. മുംബൈയിലെ ഒരു അക്കൗണ്ടിലേക്ക് 5.60 ലക്ഷം രൂപ അടിയന്തരമായി അയക്കണം എന്നാവശ്യപ്പെട്ടാണ് വയോധിക ബാങ്ക് ഓഫ് ബറോഡയുടെ റാന്നി ശാഖയിൽ എത്തിയത്.
എന്നാൽ, സമാനമായ ആവശ്യവുമായി ഇവർ ഇതിനുമുമ്പും ബാങ്കിൽ എത്തിയിട്ടുണ്ടായിരുന്നു. ഇടപാടിൽ അസ്വാഭാവികത തോന്നിയ അസിസ്റ്റന്റ് മാനേജർ വയോധികയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് കബളിപ്പിക്കൽ പുറത്തുവന്നത്.
മുംബൈ പൊലീസിൽ നിന്നാണെന്നു പറഞ്ഞു വിളിച്ച വ്യക്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഒരു സാമ്പത്തിക കുറ്റകൃത്യത്തിൽ നിന്നും ഒഴിവാകുന്നതിനായി 5.60 ലക്ഷം രൂപ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് ഉടൻ അയക്കാൻ നിർദേശിച്ചെന്നും വയോധിക ബാങ്ക് അധികൃതരോട് വ്യക്തമാക്കി.
ഇത് സൈബർ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട മാനേജർ ഉടൻ തന്നെ വിവരം റാന്നി സിഐ ടി.രാജേഷ്കുമാർനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ബാങ്കിലെത്തിയ സിഐ വയോധികയുടെ ഫോണിൽ നിന്ന് തട്ടിപ്പുകാരന്റെ നമ്പറിലേക്ക് തിരിച്ച് വീഡിയോ കോൾ ചെയ്തു. യൂണിഫോം ധരിച്ചെത്തിയ തട്ടിപ്പുകാരൻ ‘ഞാൻ മുംബൈ പൊലീസിൽ നിന്നാണ്, വേഗം പണം അയക്ക്’ എന്ന് ആവശ്യപ്പെട്ടു.
എന്നാൽ തെല്ലും വിട്ടുകൊടുക്കാതെ ‘ഇവിടെ കേരളാ പൊലീസാണ്’ എന്ന് സിഐ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് അൽപനേരത്തെ വാക്കുതർക്കത്തിനൊടുവിൽ തട്ടിപ്പ് മനസ്സിലാക്കിയ സംഘം വീഡിയോ കോൾ കട്ട് ചെയ്യുകയായിരുന്നു.
തുടർന്ന് മുംബൈ പൊലീസുകാരന്റെ വേഷത്തിൽ വിളിച്ചയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫാകുകയും ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതിനെ തുടർന്ന് വയോധികയ്ക്ക് ആവശ്യമായ സൈബർ ബോധവൽക്കരണം നൽകി പൊലീസ് സുരക്ഷിതമായി വീട്ടിലേക്ക് അയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

