കേരളത്തിൽ തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി നിലവിലുള്ള ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് ഈ മാറ്റം. ഇതിന്റെ ഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം.
ഇന്നു മുതൽ വരുന്ന 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയെത്തുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
നിലവിൽ കനത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞ ദിവസവും രാത്രിയിൽ ഒന്നിലേറെ തവണ വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു.
പലയിടങ്ങളിലും മുൻകൂിര അറിയിപ്പുകൾ നൽകാതെയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. നിലവിൽ ഏകദേശം 800 മെഗാ വാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്.
ഇന്നത്തെ മഴയിലൂടെ വൈദ്യുതി ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

