നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിയെ സംബന്ധിച്ച വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പ്രസ്താവനകൾക്കെതിരെ കടുത്ത എതിർപ്പുമായി കെ.എൻ ബാലഗോപാൽ എംഎൽഎ രംഗത്ത്. ഭരണഘടനാ പദവിയുടെ അന്തസ്സിന് നിരക്കാത്ത വിധത്തിലാണ് സ്പീക്കറുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട
നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി (PAC) ചെയർമാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്. എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല.
വസ്തുതകൾ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു,” എന്ന് കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. മുമ്പ് പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചില വിശദീകരണങ്ങൾ നൽകിയിരുന്നു.
പ്രതിപക്ഷ ഉപനേതാവിന് നിയമസഭയിൽ മുറി നിഷേധിച്ചിട്ടില്ലെന്നും, ആ പദവിയിലേക്കുള്ള വ്യക്തി ആരെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചാൽ ഉടൻ തന്നെ മുറി അനുവദിക്കുമെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. കെ.എൻ ബാലഗോപാലിന് പി.എ.സി ചെയർമാൻ എന്ന നിലയിൽ ഇതിനകം തന്നെ മുറി അനുവദിച്ചിട്ടുണ്ടെന്നും, മുന്നണിയിലെ ആഭ്യന്തര തർക്കങ്ങളാണ് മുറി വൈകുന്നതിന് കാരണമെന്ന തരത്തിലുള്ള സ്പീക്കറുടെ പരാമർശങ്ങളാണ് ഇപ്പോൾ പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

