കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്കായ ആശാലതയുടെ ദാരുണമായ ആത്മഹത്യയിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിന് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസം ഏഴാം തീയതിയാണ് കളക്ടറേറ്റ് പരിസരത്തുവെച്ച് ആശാലത എലിവിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ഇന്നലെയാണ് ജീവനക്കാരി മരണത്തിന് കീഴടങ്ങിയത്.
ഓഫീസിലും വീട്ടിലും താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയെന്ന യാഥാർത്ഥ്യം തന്നെ മാനസികമായി തളർത്തി കളഞ്ഞുവെന്ന് വ്യക്തമാക്കുന്ന മരണമൊഴിയാണ് അധികൃതർ രേഖപ്പെടുത്തിയിട്ടുള്ളത്. കാസർകോട് കലക്ട്രേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ ഉദ്യോഗസ്ഥയായിരുന്നു അന്തരിച്ച ആശാലത.

