കർക്കടക വാവുബലിയോടനുബന്ധിച്ച് ആലുവ ടൗണിലും പരിസരപ്രദേശങ്ങളിലും കർശനമായ ഗതാഗത നിയന്ത്രണങ്ങളും വിപുലമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 12ന് വെളുപ്പിന് 1 മണി മുതൽ 12ന് പകൽ 2 വരെയാണ് നിയന്ത്രണങ്ങൾ ബാധകമായിരിക്കുക.
സുഗമമായ യാത്രാസൗകര്യത്തിനായി കെഎസ്ആർടിസിയും കൊച്ചി മെട്രോയും പ്രത്യേക സർവീസുകൾ നടത്തും. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി, മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണ്.
(ഇത് വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം.
(ഇതും വൺവേ ട്രാഫിക് ആയിരിക്കും). തോട്ടയ്ക്കാട്ടുക്കര ജംക്ഷനിൽ നിന്നും മണപ്പുറത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിനു ശേഷം പറവൂർ കവല – യു.സി കോളജ് – കടുങ്ങല്ലൂർവഴി തിരികെ പോകേണ്ടതാണ്. അങ്കമാലി ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങി പോകണം.
എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് ജംക്ഷനിൽ നിന്നും കാരോത്തുകുഴി ജംക്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം. പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകൾ ബാങ്ക് കവല ബൈപാസ് വഴി മടങ്ങിപോകും.
എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡിൽ എത്തണം. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജംക്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
ആലുവ-അങ്കമാലി ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജംക്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ് ബാങ്ക് കവല ബൈപാസ് വഴി പോകണം. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പമ്പ്, മാതാ ജംക്ഷൻ വഴി പോകേണ്ടതാണ്.
പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ പമ്പ് ജംക്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി അവിടെ നിന്നും തിരികെ സർവീസ് നടത്തും. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ റെയിൽവേ സ്ക്വയർ കാരോത്തുകുഴി –വഴി സ്റ്റാൻഡിൽ പ്രവേശിക്കണം.
അവിടെനിന്നും തിരികെ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബാങ്ക് കവല ബൈപാസ് സർവീസ് റോഡ് പുളിഞ്ചോട് കവലയിലെത്തി കാരോത്തുകുഴി കവല ആശുപത്രി ജംക്ഷൻ ഐഎംഎ ജംക്ഷൻ പവർ ഹൗസ് ജംക്ഷൻ വഴി പോകേണ്ടതാണ്. ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.
റോഡ് സൈഡിലും എൻഎച്ചിന്റെ ഇരുവശങ്ങളിലും യാതൊരുവിധ പാർക്കിങ്ങും കർശനമായി നിരോധിച്ചിരിക്കുന്നു. ശക്തമായ സുരക്ഷാ സജ്ജീകരണങ്ങൾ
കർക്കടക വാവുബലിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തുമായി 3 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 450ഓളം പൊലീസുകാരെ വിന്യസിക്കും.
പ്രധാന കേന്ദ്രങ്ങളിൽ മഫ്തിയിൽ പൊലീസുദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും അധിക പൊലീസ് പട്രോൾ സംഘങ്ങളെയും ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി 25 ഓളം ഫയർ ഓഫിസർമാരെയും സ്കൂബാ ഡൈവിങ് സംഘത്തെയും രണ്ട് ഡിങ്കി ബോട്ടുകളെയും സജ്ജമാക്കിയിട്ടുണ്ട്. ഫയർഫോഴ്സിന് കീഴിൽ 40 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും മണപ്പുറത്ത് ഒരു ഫയർഫോഴ്സ് വാഹനവും ഉണ്ടാകും.
എക്സൈസ് വിഭാഗവും പ്രത്യേക പരിശോധനകൾ നടത്തും. കെഎസ്ആർടിസിയും മെട്രോയും അധിക സർവീസുകൾ നടത്തും
യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും.
പറവൂരിൽനിന്ന് പുലർച്ചെ നാലുമണിക്ക് സർവീസ് ആരംഭിക്കുന്നതാണ്. തോട്ടയ്ക്കാട്ടുകരയിലും മഹാത്മാഗാന്ധി ടൗൺ ഹാളിന് സമീപവും കെഎസ്ആർടിസിക്ക് പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാട്ടർ അതോറിറ്റി അധികമായി പബ്ലിക് ടാപ്പുകൾ തയാറാക്കും. ആലുവ ജില്ലാ ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും മണപ്പുറത്ത് ക്യാമ്പ് ചെയ്യും.
ജില്ലാ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഇരുപതോളം ലൈഫ് ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. കൊച്ചി മെട്രോ 11ന് രാത്രി 11.15 നും 11.30നും തൃപ്പൂണിത്തുറയിൽ നിന്ന് അധിക സർവീസ് നടത്തും.
12ന് രാവിലെ അഞ്ചര മുതൽ ആലുവയിൽനിന്ന് സർവീസുകൾ ആരംഭിക്കും. 11 മുതൽ 12 ഉച്ചവരെ 15 പേരടങ്ങുന്ന റെയിൽവേ പൊലീസിന്റെ അധിക സേവനവും ലഭ്യമാകും.
ഫുഡ് സേഫ്റ്റി വിഭാഗവും കെഎസ്ഇബിയും ആവശ്യമായ ക്രമീകരണങ്ങളും പരിശോധനകളും ഉറപ്പാക്കും. റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ആലുവ ശ്രീബാലഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ അധ്യക്ഷത വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

