കേരളവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ നിർണായക ചർച്ചകൾ നടന്നു. മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും തമ്മിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിരയും യോഗത്തിൽ സന്നിഹിതരായിരുന്നു. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക കൈമാറ്റം, നിക്ഷേപ സാധ്യതകൾ, തീരദേശ-തുറമുഖ വികസനം തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുഭാഗത്തുനിന്നും ഉള്ള സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ചർച്ചയുടെ മുഖ്യ അജണ്ട.
അമേരിക്കയിലെയും കേരളത്തിലെയും സർവ്വകലാശാലകൾക്കൊപ്പം ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പഠനങ്ങളും അധ്യാപക-വിദ്യാർത്ഥി ആശയവിനിമയങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകളുടെ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും ഗുണകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ആദ്യ കേരള സന്ദർശനമാണിതെന്ന് വ്യക്തമാക്കിയ യു.എസ് സ്ഥാനപതി സെർജിയോ ഗോർ, സംസ്ഥാനത്തിന്റെ പ്രകൃതിഭംഗിയെയും സാംസ്കാരിക പാരമ്പര്യത്തെയും കുറിച്ച് പ്രശംസിച്ചു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളം കൈവരിച്ച വളർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു.
ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നീ രംഗങ്ങളിലെ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം പ്രയോജനപ്പെടുത്തി അമേരിക്കയിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ‘സിസ്റ്റർ സിറ്റീസ്’ മാതൃക നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തുറമുഖങ്ങളും ലോജിസ്റ്റിക്സും കേന്ദ്രീകരിച്ചുള്ള വികസനങ്ങളിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് വലിയ സാധ്യതകളാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട
മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായ മേഖലകളിലെ നിക്ഷേപാവസരങ്ങൾ എന്നിവയും ചർച്ചാവിഷയമായി. അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും വാണിജ്യ ബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കാനും പൂർണ്ണ പിന്തുണ നൽകുമെന്ന് യു.എസ് സ്ഥാനപതി ഉറപ്പുനൽകി.
ഇത്തരം സംരംഭങ്ങൾ ഇരുപ്രദേശങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന് പുതിയ വേഗത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ പ്രവാസി മലയാളി സമൂഹവുമായും വ്യവസായ ശൃംഖലകളുമായും ഉള്ള ബന്ധം കൂടുതൽ സജീവമാക്കുന്നതിനെക്കുറിച്ചും യോഗം വിലയിരുത്തി.
യു.എസിലെ പ്രവാസി മലയാളികൾക്കും നിക്ഷേപകർക്കും കേരളത്തിലെ പദ്ധതികളെക്കുറിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനുമായി അമേരിക്കയിൽ ഒരു ‘ഇൻവെസ്റ്റ് ഡെസ്ക്’ ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരസ്പര താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വരുംകാലങ്ങളിൽ പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ യോഗത്തിൽ ധാരണയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

