കൊല്ലം ജില്ലയിലെ നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വസതി മുഖ്യമന്ത്രി സന്ദർശിച്ചു. ഗൗതമിനെ കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തിരച്ചിൽ സംബന്ധിച്ച ആക്ഷേപങ്ങളിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി ഷിബു ബേബി ജോൺ, ജില്ലാ കളക്ടർ ആനി ജൂല തോമസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു. ‘‘ഗൗതം കൃഷ്ണയുടെ കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല.
ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് അവർ നേരിടുന്നത്. കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
കാലാവസ്ഥ പ്രതികൂലമാകുമ്പോൾ മാത്രമാണ് തിരച്ചിൽ നിർത്തുന്നത്. ആദ്യദിവസം മുതൽ എല്ലാരീതിയിലുമുള്ള തിരച്ചിൽ നടത്തിയിരുന്നു.
മോശം കാലാവസ്ഥയിൽ തിരച്ചിലിനു പോകുന്നവർ കൂടി അപകടത്തിൽപ്പെടുമെന്ന സാഹചര്യം എത്തിയപ്പോൾ മാത്രമാണ് താൽക്കാലികമായി തിരച്ചിൽ നിർത്തിയത്. തിരച്ചിൽ തുടരും.
കാലാവസ്ഥ പ്രവചനം പരിഷ്കരിക്കാനും മുന്നറിയിപ്പ് നൽകുന്നതിൽ അതീവ്രജാഗ്രത പുലർത്താനും സർക്കാർ സന്നദ്ധരാണ്. അതിനുള്ള നടപടികളിലേക്കും കടക്കും’’ – മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതിയാവും നടപ്പാക്കുക.
അതിനായി പൊതു നടപടി ക്രമം നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി അടിയന്തരമായി താൽക്കാലിക സംവിധാനം നടപ്പാക്കുന്നതിലേക്ക് കടക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരച്ചിലിൽ അനാസ്ഥയുണ്ടെന്നാരോപിച്ച് കുടുംബം നടത്തിയ പ്രതിഷേധത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ‘‘കുടുംബത്തിൽനിന്ന് ഒരാളെ കാണാതായാൽ സ്വാഭാവികമായും അവർക്ക് വൈകാരികമായ പ്രശ്നങ്ങളുണ്ടാകും.
പൊലീസിനും സർക്കാരിനുമെതിരേ അവർ നടത്തുന്ന വിമർശനങ്ങളെല്ലാം അതേരീതിയിൽ ഉൾക്കൊള്ളുന്നു. തിരച്ചിലിനു സാധ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഉപയോഗിക്കും’’– മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

