സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ പരമ്പരാഗത സമീപനത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്ന രീതിക്ക് പകരമായി, ഡിജിറ്റൽ സാമ്പത്തിക നിക്ഷേപങ്ങളിലേക്കും സാങ്കേതികവിദ്യ അധിഷ്ഠിത മാർഗ്ഗങ്ങളിലേക്കും യുവതലമുറ ചുവടുമാറ്റുകയാണ്.
രാജ്യത്തെ വരുംകാല സ്വർണ്ണ വിപണിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത് ജെൻ സി വിഭാഗമായിരിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ ‘സ്വർണിം ഉഡാൻ 2047’ എന്ന പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യൻ ഭവനങ്ങളിൽ ആകെ 31,000 ടണ്ണിലധികം സ്വർണ്ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതിന് ഏകദേശം 315 ലക്ഷം കോടി രൂപ വിപണിമൂല്യമുണ്ട്. എന്നാൽ ഈ അപൂർവ്വ സമ്പത്തിന്റെ സിംഹഭാഗവും വീടുകളിലെ അലമാരകളിലും ലോക്കറുകളിലുമായി യാതൊരുവിധ സാമ്പത്തിക വിനിമയവുമില്ലാതെ കിടക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയതും എന്നാൽ ഉപയോഗിക്കപ്പെടാത്തതുമായ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നാണിത്. യുവതലമുറയുടെ സ്വാധീനം നിർണ്ണായകമാകുന്നത് എന്തുകൊണ്ട്? 1997-നും 2012-നും ഇടയിൽ ജനിച്ച ‘ജനറേഷൻ സി’ അഥവാ ഇന്നത്തെ യുവതലമുറയെ സംബന്ധിച്ചിടത്തോളം സ്വർണ്ണം വെറുമൊരു പാരമ്പര്യ ആഭരണം മാത്രമല്ല.
എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പെട്ടെന്ന് പണമാക്കി മാറ്റാനുമുള്ള സൗകര്യങ്ങൾക്കും ഡിജിറ്റൽ ആക്സസിനുമാണ് ഇവർ മുൻഗണന നൽകുന്നത്. പരമ്പരാഗത ആഭരണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങളിലും പുതിയ സാങ്കേതികവിദ്യ അധിഷ്ഠിത മാർഗ്ഗങ്ങളിലും ഇവർ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഓൺലൈൻ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ച ശേഷം നേരിട്ട് കടകളിൽ എത്തി പർച്ചേസ് ചെയ്യുന്ന ഇവരുടെ രീതി, സ്വർണ്ണ വ്യാപാരികളെ പുതിയ വിപണന തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. 2035 ഓടെ ഇന്ത്യയുടെ ഉപഭോക്തൃ ചെലവിന്റെ 2 ട്രില്യൺ ഡോളറും ഈ യുവതലമുറയുടെ സംഭാവനയായിരിക്കുമെന്നാണ് പ്രസ്തുത റിപ്പോർട്ട് വിലയിരുത്തുന്നത്.
ആഭരണങ്ങളോടുള്ള താല്പര്യം കുറയുന്നില്ല, എന്നാൽ വാങ്ങൽ രീതി മാറുന്നു നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ- ജൂൺ പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യക്കാർ വാങ്ങിയ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായിട്ടുണ്ടെന്നാണ്. എന്നാൽ വിലക്കയറ്റം കാരണം ഇതിനായി ചെലവഴിച്ച തുകയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണ്ണത്തിന്റെ ഡിമാൻഡിൽ 6 ശതമാനം ഇടിവ് (131 ടൺ) ഉണ്ടായെങ്കിലും, വിറ്റുവരവ് 50 ശതമാനം വർദ്ധിച്ച് റെക്കോർഡായ 1.98 ലക്ഷം കോടി രൂപയിലെത്തി. വിവാഹ സീസണും അക്ഷയ തൃതീയയും വിപണിക്ക് ഊർക്കം പകർന്നുവെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഡിമാൻഡ് കുറവായിരുന്നു.
വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ആഭരണങ്ങൾ, കുറഞ്ഞ കാരറ്റ് സ്വർണ്ണം, കല്ലു പതിച്ച ഡിസൈനുകൾ എന്നിവ തിരഞ്ഞെടുക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതിനുപുറമേ, പഴയ സ്വർണ്ണം നൽകി പുതിയവ സ്വന്തമാക്കുന്ന എക്സ്ചേഞ്ച് ഓഫറുകൾക്കും വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

