മണ്ണിനെ നെഞ്ചിലേറ്റിയും കൃഷിയോട് ആത്മാർത്ഥമായ സ്നേഹം പുലർത്തിയും ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം സ്വന്തമാക്കി. 25000 രൂപയാണ് പുരസ്കാര തുക.
ചേർത്തല തെക്ക് പഞ്ചായത്ത് 16–ാം വാർഡിൽ കറുകയിൽ അജയന്റെയും സജിതയുടെയും ഏക മകനാണ് കെ.എ.ആദിത്യൻ. ചേർത്തല തെക്ക് അരീപ്പറമ്പ് എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് ഈ മിടുക്കൻ.
കുട്ടിക്കാലം മുതൽ മാതാപിതാക്കളെ കൃഷിയിൽ സഹായിച്ചുതുടങ്ങിയ ആദിത്യൻ, പിന്നീട് സ്വന്തമായി കൃഷിരീതികൾ ആവിഷ്കരിക്കുകയായിരുന്നു. രാവിലെയും വൈകിട്ടും പഠനസമയം കഴിഞ്ഞാൽ കൃഷിയുടെ പരിപാലനത്തിനാണ് ഈ വിദ്യാർഥി മുൻഗണന നൽകുന്നത്.
പച്ചക്കറി കൃഷിക്കൊപ്പം നെല്ലും മീൻ വളർത്തലും ആദിത്യന്റെ കാർഷിക സംരംഭങ്ങളെ കൂടുതൽ സമൃദ്ധമാക്കുന്നു. ഇതിനുപുറമേ വീട്ടിലെ പശു, ആട്, കോഴി, മുയൽ എന്നിവയെ പരിപാലിക്കുന്നതിനും കൃത്യമായ സമയം കണ്ടെത്തുന്നുണ്ട്.
താൻ വിളയിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾ സ്കൂളിലും പൊതുവിപണിയിലും നേരിട്ട് വിൽക്കുന്നതും ആദിത്യൻ തന്നെയാണ്. കൃഷിരീതികളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയേറിയ സഹായവും പ്രോത്സാഹനവും എപ്പോഴും ലഭിക്കാറുണ്ട്.
സ്കൂളിൽ നിന്നും കുട്ടി കർഷകനുള്ള എസ്പിസി അംഗീകാരം രണ്ടുതവണ ആദിത്യനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ മുൻ ജില്ലാകലക്ടർ കൃഷ്ണ തേജയുടെ അനുമോദനവും ഈ കൊച്ചുകർഷകൻ നേടിയിട്ടുണ്ട്.
കാർഷിക രംഗത്തെ തിരക്കുകൾക്കിടയിലും അരീപറമ്പ് നവജീവൻ യൂത്ത് ക്ലബിൽ വോളിബോൾ പരിശീലനത്തിലും ആദിത്യൻ സജീവമായി പങ്കെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

