പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായി. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി സ്വദേശി സഫർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി നടന്ന പതിവ് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് കവർച്ച നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
ഇവരിൽ നിന്നും മോഷണത്തിനായി കരുതിയ വിവിധ ഉപകരണങ്ങളും ഗ്ലൗസുകളും തൊപ്പികളും പൊലീസ് കണ്ടെടുത്തു. വിവിധ കേസുകളിൽ പ്രതികളായ ഇവർ തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്.
രണ്ടാഴ്ച മുമ്പ് ഇവർ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു.
പിടിയിലായ തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുപതോളം മോഷണക്കേസുകൾ നിലവിലുണ്ട്. വിഷ്ണു രാജിനെതിരെ വിവിധ വഞ്ചനാകേസുകളും, സഫറിനെതിരെ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി കവർച്ച നടത്തിയതും പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതുൾപ്പെടെയുള്ള ഗുരുതര കേസുകളുമുണ്ട്.
പൊള്ളാച്ചിയിൽ കവർച്ച നടത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പൊലീസ് പ്രതികളെ തമിഴ്നാട് പൊള്ളാച്ചി പൊലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

