മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർഥിനിക്ക് അധ്യാപകന്റെ ക്രൂര മർദനം. MSMHSS കല്ലിങ്ങൽപ്പറമ്പ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കാണ് പരിക്കേറ്റത്.
ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് അധ്യാപകൻ ചൂരൽ കൊണ്ട് കുട്ടിയുടെ കൈക്ക് മർദിച്ചത്. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കൈയിലെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം.
പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. ഇതിന്റെ ഭാഗമായി ലഭിച്ച അവധി ദിവസങ്ങളിലെ നോട്ടുകൾ പകർത്തുന്നതിനിടെയാണ് അധ്യാപകൻ പിന്നിലൂടെ വന്ന് ചൂരൽ കൊണ്ട് അടിച്ചതെന്ന് വിദ്യാർഥിനി വ്യക്തമാക്കി.
അധ്യാപകന്റെ അടിയേറ്റ് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പേനയും പുസ്തകവും തെറിച്ചുപോയതായും കുട്ടി പറഞ്ഞു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
പിന്നീട് അധ്യാപകർ ചേർന്ന് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ അധ്യാപകനെതിരെ കർശന നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

