സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വം തുടക്കമിട്ടു.
കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ളവരുമായി അവര്‍ ആശയവിനിമയം നടത്തി. വിദേശത്തുള്ള രാഹുല്‍ ഗാന്ധി ഈ മാസം 12-ന് തിരിച്ചെത്തിയ ശേഷം ഡല്‍ഹിയില്‍ വെച്ച് വിഷയത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.
ഇതിനുശേഷം പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. മുതിര്‍ന്ന നേതാവ് എ.കെ.
ആന്റണിയുടെ അഭിപ്രായവും നേതൃത്വം ഇക്കാര്യത്തില്‍ ഗൗരവമായി പരിഗണിക്കും. നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, കെ.സി.
ജോസഫ്, അടൂർ പ്രകാശ് എന്നിവര്‍ക്കൊപ്പം യുവനേതാക്കളായ ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന് എന്നിവരുടെ പേരുകളും സജീവമാണ്. പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന നയം നടപ്പിലാക്കണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അനുഭവസമ്പത്തും ജനപിന്തുണയുമുള്ള ഒരാളെ അധ്യക്ഷനായി കണ്ടെത്തുമ്പോള്‍, അവര്‍ ജനപ്രതിനിധിയാണെന്നത് അയോഗ്യതയായി കാണേണ്ടതില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ തന്നെ കെ.സി.
വേണുഗോപാല്‍ ലോക്സഭാംഗമായി തുടരുന്നത് ഉദാഹരണമായി നേരത്തെ കെപിസിസി നേതാവ് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

