കുംഭമേളയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെൺകുട്ടിക്ക് അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരി നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ അവരെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് പിൻവലിക്കുകയായിരുന്നു. എങ്കിലും, സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി രേഖാമൂലം അപേക്ഷ സമർപ്പിച്ചാൽ തുടർനടപടികൾ സ്വീകരിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസ് ജൂലൈ 21-ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് പെൺകുട്ടി സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.
ഇതിനെത്തുടർന്ന് ജൂൺ 19-ന് കോടതി പ്രത്യേക സുരക്ഷ അനുവദിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ഹർജിക്കാരിയെ ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞില്ല.
സംരക്ഷണം ആവശ്യപ്പെടുകയും പിന്നീട് പോലീസിന്റെ ബന്ധപ്പെടൽ ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് പതിവാണെന്നും, ഇത്തരം സാഹചര്യത്തിൽ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം പോലീസിൽ കെട്ടിവെക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. പെൺകുട്ടിയുടെ അഭിഭാഷകനും വിഷയത്തിൽ തനിക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് കോടതിയിൽ അറിയിച്ചു.
ഈ പെൺകുട്ടിയും സുഹൃത്തായ മുഹമ്മദ് ഫർമാനും കേരളത്തിൽ വെച്ചാണ് വിവാഹിതരായത്. മുഹമ്മദ് ഫർമാൻ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികൾ സംരക്ഷണം തേടി ഹൈക്കോടതിയിലെത്തിയത്. നേരത്തെ, മധ്യപ്രദേശിലെ കോടതിയിൽ ഹാജരാകുന്നതിനായി മുഹമ്മദ് ഫർമാന് ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.
എന്നാൽ മധ്യപ്രദേശിലെ പോക്സോ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ, ട്രാൻസിറ്റ് ജാമ്യം നീട്ടി നൽകാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. കൂടാതെ, ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്നാരോപിച്ച് പെൺകുട്ടി മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

