പെരുമ്പാവൂർ പെട്ടമലയിലെ ക്വാറിയിൽ ഫാഷൻ മോഡൽ ദിവ്യാൻഷു ജോഷി (26) മുങ്ങിമരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി പങ്കാളിയും മോഡലുമായ മീധാനിക ഷെട്ടി. മേയ് 28-നാണ് രാജ്യാന്തര ഫാഷൻ ബ്രാൻഡായ കാർത്തിക് റിസർച്ചിന്റെ പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദിവ്യാൻഷു ദാരുണമായി മരണപ്പെട്ടത്.
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത നീങ്ങാത്തതിനാലാണ് നീതി തേടി മീധാനിക പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവം നടന്ന ദിവസം മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നെത്തിയ ദിവ്യാൻഷുവിന്റെ സഹോദരി പ്രാചി ജോഷിയുമായി ചേർന്ന് കോടനാട് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും വ്യക്തമായ മറുപടികൾ ലഭിച്ചില്ലെന്ന് മീധാനിക ആരോപിക്കുന്നു.
വെള്ളത്തിൽ ഇറങ്ങിയപ്പോൾ ദിവ്യാൻഷു അബദ്ധത്തിൽ മുങ്ങിമരിച്ചു എന്ന ലളിതമായ വിശദീകരണമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ദിവ്യാൻഷുവിന് നീന്തലറിയില്ലെന്നിരിക്കെ, സുരക്ഷാ മുൻകരുതലുകളില്ലാതെ ഇത്തരമൊരു അപകടകരമായ ക്വാറിയിലേക്ക് എങ്ങനെയാണ് സംഘം എത്തിയതെന്ന ചോദ്യം മീധാനിക ഉയർത്തുന്നു.
“അതൊരു സാധാരണ കുളമാണെന്നും നീന്തലറിയാത്തതുകൊണ്ടാണ് അപകടമുണ്ടായതെന്നും ബ്രാൻഡിന്റെ ടീം പറഞ്ഞു. പക്ഷേ ഗൂഗിൾ ചെയ്തപ്പോൾ അതു അപകടസ്ഥലമാണെന്നും വർഷങ്ങളായി പ്രവേശനം നിഷേധിച്ച് അടിച്ചിട്ടതാണെന്നും മനസ്സിലായി.
എന്തിനാണ് അത്രയും അപകടകരമായ സ്ഥലത്തേക്ക് അവരെ കൊണ്ടുപോയത്,” എന്നും അവർ ചോദിക്കുന്നു. പ്രസ്തുത സ്ഥലം ചിത്രീകരണത്തിനായല്ല, മറിച്ച് സ്ഥലപരിശോധനയ്ക്കായി മാത്രമാണ് സന്ദർശിച്ചതെന്നാണ് പ്രാദേശിക ഏകോപന ചുമതലയുള്ള റബർബ്രാൻഡ് പ്രൊഡക്ഷന്റെ വിശദീകരണം.
എന്നാൽ, മോഡലുകളായ ഹിമാൻഷു, ദിവ്യാൻഷു, ബ്രിജേഷ് എന്നിവർ എത്തിയതിനു പിന്നാലെയാണ് ബ്രാൻഡ് ഉടമ കാർത്തിക്കും എക്വിപ്മെന്റ് വാഹനങ്ങളും അവിടെയെത്തിയതെന്ന വിവരങ്ങൾ ഈ വാദത്തെ ഖണ്ഡിക്കുന്നതാണെന്ന് മീധാനിക ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷത്തോളമായി കാർത്തിക് റിസർച്ചിന്റെ ഡൽഹി സ്റ്റോർ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു ദിവ്യാൻഷു.
മരണശേഷം ബ്രാൻഡ് പ്രതിനിധികൾ വീട്ടിലെത്തിയെങ്കിലും നഷ്ടപരിഹാരത്തെക്കുറിച്ചോ സംഭവത്തിലെ വീഴ്ചകളെക്കുറിച്ചോ ചർച്ച ചെയ്തില്ലെന്ന് അവർ പറഞ്ഞു. “ലൊക്കേഷൻ കാണാൻ പോയതാണെങ്കിൽ മോഡലുകളും ഷൂട്ടിങ് എക്വിപ്മെന്റും എന്തിനാണ്? മുന്നറിയിപ്പും സുരക്ഷയുമില്ലാതെ അവരെ അവിടെയെത്തിച്ച പ്രാദേശിക ഏജൻസിയും കുറ്റക്കാരല്ലേ?” എന്ന് മീധാനിക ഷെട്ടി ചോദിക്കുന്നു.
നിലവിൽ അസ്വാഭാവിക മരണമെന്ന നിലയിൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

