സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ തുടങ്ങിയ കർശന പരിശോധനകൾ ആരംഭിച്ചതോടെ, ലഹരിമരുന്ന് കടത്തിന് പുതിയ ‘കുറിയർ തന്ത്രം’ പയറ്റുകയാണ് മാഫിയാ സംഘങ്ങൾ. പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, സ്പീക്കറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ഇപ്പോൾ ലഹരിമരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
സംശയം തോന്നാത്ത വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ട് എളുപ്പത്തിൽ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ഇവർക്ക് സാധിക്കുന്നു. മാഫിയയുടെ പ്രവർത്തനരീതി
പണ്ട് ട്രെയിനുകളിലും ലക്ഷ്വറി ബസുകളിലും നേരിട്ട് കടത്തിയിരുന്ന ലഹരിവസ്തുക്കൾ ഇപ്പോൾ കുറിയർ കമ്പനികൾ വഴിയാണ് എത്തുന്നത്.
ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് കൈപ്പറ്റിയ ശേഷം, പ്രവർത്തനരഹിതമായ സ്ഥാപനങ്ങളുടെയോ ആളില്ലാത്ത വീടുകളുടെയോ വിലാസത്തിൽ ഇവ പാക്ക് ചെയ്ത് അയയ്ക്കുന്നു. ലഹരി അയയ്ക്കുന്നതും മേൽവിലാസത്തിൽ കൈപ്പറ്റുന്നതും ഒരേ വ്യക്തി തന്നെയാകുന്നതിനാൽ വിവരം ചോരാനുള്ള സാധ്യതയും ഇവർ ഇല്ലാതാക്കുന്നു.
പാക്കറ്റ് എത്തുന്ന സമയം മനസിലാക്കി നിശ്ചിത കേന്ദ്രത്തിൽ കാത്തുനിന്നാണ് ഇവർ സാധനം കൈപ്പറ്റുന്നത്. ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ ഇതരസംസ്ഥാനക്കാരുടെ പേരിലുള്ളതായതിനാൽ അന്വേഷണം പ്രതികളിലേക്ക് എത്തുന്നത് തടയാനും ഇവർക്ക് കഴിയുന്നു.
ഡാൻസാഫിൽ വനിതാ പങ്കാളിത്തം
കൊല്ലത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിൽ (ഡാൻസാഫ്) വനിതാ പൊലീസിനെക്കൂടി ഉൾപ്പെടുത്താൻ നടപടിയായി. നിലവിൽ ഡിവൈഎസ്പിയുടെ കീഴിൽ 5 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുന്നത്.
കേസുകൾ എഴുതിത്തയ്യാറാക്കുന്നതിലെ തിരക്കും പരിശോധനകൾക്കിടെയുള്ള തടസ്സങ്ങളും പരിഗണിച്ചാണ് വനിതാ സിവിൽ പൊലീസ് ഓഫിസറുടെ സേവനം ലഭ്യമാക്കുന്നത്. കൂടാതെ, പരിശോധനയ്ക്കിടെ വീടുകളിൽ നേരിടേണ്ടി വരുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ റെയ്ഡ് സംഘത്തിൽ വനിതാ സാന്നിധ്യം ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
സ്റ്റേഷനിൽ ഒരു എസ്ഐയെയും 2 സിവിൽ പൊലീസ് ഓഫിസറെയും തൂഫാൻ ജോലികൾക്കായി പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്തേക്കുള്ള ലഹരിയൊഴുക്ക് തടയുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെയും പൊലീസ് മേധാവികളുടെ ഉന്നതതല യോഗം തിരുവനന്തപുരത്ത് ഇന്ന് നടക്കും.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചേരുന്ന യോഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

