റഷ്യയുടെ എണ്ണ സംഭരണ ശാലകളെ ലക്ഷ്യമാക്കി യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യൻ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രി നടന്ന ആക്രമണ പരമ്പരയിൽ ത്വർ, സ്റ്റാവ്റോപോൾ എന്നിവിടങ്ങളിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർന്നു.
കൂടാതെ അസോവ് കടലിലുണ്ടായിരുന്ന രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായി. കപ്പലുകൾക്ക് തീപിടിച്ചതായും എന്നാൽ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായും റഷ്യൻ നഗരമായ റോസ്തോവിലെ ഗവർണർ യൂരി സ്ല്യൂസാർ സ്ഥിരീകരിച്ചു.
യുക്രൈൻ അതിർത്തിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കേന്ദ്രങ്ങളിൽ പോലും തങ്ങളുടെ ഡ്രോണുകൾക്ക് എത്താൻ സാധിക്കുമെന്ന് യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി വ്യക്തമാക്കി. “യുക്രൈൻ അതിർത്തിയിൽനിന്ന് 800 കിലോമീറ്റർ അപ്പുറമുള്ള റഷ്യയുടെ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.” കൂടാതെ, അതിർത്തിയിൽ നിന്ന് 1500 കിലോമീറ്റർ അകലെയുള്ള ഉഫയിലെ ഓയിൽ പമ്പിങ് സ്റ്റേഷനിലും, 200 കിലോമീറ്റർ അകലെയുള്ള റോസ്തോവ് മേഖലയിലെ ഓയിൽ ലോഡിങ് ടെർമിനലിലും ആക്രമണം നടത്തിയതായി അദ്ദേഹം അറിയിച്ചു.
ഈ ആക്രമണങ്ങൾ റഷ്യയുടെ എണ്ണ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, രാജ്യത്തെ പലയിടത്തും ഇന്ധനക്ഷാമം രൂക്ഷമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനിയും ശക്തമായ തിരിച്ചടികൾ തുടരുമെന്ന് വോളോഡിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി.
“റഷ്യ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് തങ്ങൾ പണ്ടേ ആവശ്യപ്പെട്ടതാണെന്നും ഓരോ ദിവസവും കാലതാമസം വരുത്തുന്നത് റഷ്യയ്ക്ക് തന്നെ ആഘാതം ഉണ്ടാക്കുമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി.” മറുഭാഗത്ത്, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ 73 യുക്രൈൻ ഡ്രോണുകളെ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, റഷ്യ പ്രയോഗിച്ച 94 ബാലിസ്റ്റിക് ദീർഘദൂര ഡ്രോണുകളിൽ 72 എണ്ണം തകർത്തതായും, 13 ഇടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും യുക്രൈൻ വ്യോമസേനയും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

