കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിൽ രാസമാലിന്യം കലർന്ന മണ്ണ് ഉപയോഗിച്ച് തണ്ണീർത്തടവും കുളവും നികത്താനുള്ള നീക്കം നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ പരാജയപ്പെട്ടു. നിയമപോരാട്ടങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും ഒടുവിൽ മണ്ണ് എത്തിച്ചവർ തന്നെ അവ തിരികെ എടയാറിലേക്ക് കൊണ്ടുപോകാൻ സമ്മതിക്കുകയായിരുന്നു.
അഞ്ച് മാസത്തോളം നീണ്ടുനിന്ന അക്ഷീണമായ പരിശ്രമത്തിനൊടുവിലാണ് ഈ സുപ്രധാന വിജയം കൈവരിച്ചത്. 2026 ഏപ്രിൽ മാസത്തിലാണ് എറിയാടിൽ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട
അനധികൃത പ്രവർത്തനങ്ങൾ നാട്ടുകാരായ പി.ജെ. ഹബീബ്, കെ.പി.
പ്രജീഷ്, കെ.ജി. സനീഷ് എന്നിവരുടെ ശ്രദ്ധയിൽപെടുന്നത്.
ഇവർ ഉടൻതന്നെ വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ഇവർ സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു.
എന്നാൽ, ഭൂമി നികത്താൻ ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് ഉടമകൾ പൊലീസിനെ ബോധ്യപ്പെടുത്തിയതോടെ ഉദ്യോഗസ്ഥർ നിസ്സഹായരായി. നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും റവന്യൂ, പൊലീസ് അധികൃതർ മൗനം പാലിച്ചു.
ഇതോടെ ദിവസങ്ങൾക്കുള്ളിൽ രാസമാലിന്യമണ്ണ് ഉപയോഗിച്ച് കുളവും തോടും പൂർണ്ണമായി നികത്തപ്പെടുകയായിരുന്നു. ഈ ഘട്ടത്തിലാണ് എടയാറിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരായ ഷബീർ, മഹേഷ് എന്നിവർ അഴീക്കോട് എത്തിയത്.
എടയാറിലെ പൂട്ടിപ്പോയ ബിനാനി സിങ്ക് കമ്പനിയിൽ നിന്നുള്ള രാസമാലിന്യം കലർന്ന മണ്ണാണ് ഇവിടെ നികത്തലിനായി എത്തിച്ചിരിക്കുന്നതെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് വീണ്ടും പരാതികൾ നൽകി.
തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡും കാർഷിക സർവകലാശാലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണ്ണ് പരിശോധനയ്ക്കായി ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ഭൂവുടമ സ്ഥലത്തേക്ക് എത്തിയില്ല. വില്ലേജ് ഓഫിസർ ബന്ധപ്പെട്ടതിനെ തുടർന്ന് സമീപത്തെ കടയിൽ താക്കോൽ ഏൽപ്പിച്ച് ഉടമ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.
പരിശോധനാഫലം പുറത്തുവന്നപ്പോൾ രാസമാലിന്യമാണ് തള്ളിയിരിക്കുന്നതെന്നും ഇത് ഗുരുതര ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുമെന്നും വ്യക്തമായി. എന്നാൽ പരിശോധിച്ചത് തന്റെ ഭൂമിയിലെ മണ്ണല്ലെന്ന വിചിത്ര വാദവുമായി ഉടമ രംഗത്തെത്തി.
ഇതിനിടെ പരിസ്ഥിതി പ്രവർത്തകർ നേരിട്ട് എടയാറിലെ കമ്പനി സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും അഴീക്കോട് പ്രദേശവാസികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നാട്ടുകാർ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
രാഷ്ട്രീയപ്പാർട്ടികൾ കൂടി പിന്തുണയുമായി എത്തിയതോടെ എറിയാട്ടേത് വലിയൊരു ജനകീയ മുന്നേറ്റമായി മാറി. മാസങ്ങൾക്കു ശേഷം രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യാൻ കലക്ടർ പഞ്ചായത്തിന് ഉത്തരവ് നൽകി.
എന്നാൽ, പഞ്ചായത്തിലെ 19 ഇടങ്ങളിലെങ്കിലും സമാനമായ രീതിയിൽ മാലിന്യമണ്ണ് തള്ളിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് നീക്കം ചെയ്യാൻ ആദ്യഘട്ടത്തിൽ തന്നെ രണ്ട് കോടി രൂപയോളം ചെലവ് വരുമെന്ന് വന്നതോടെ പഞ്ചായത്ത് പ്രതിസന്ധിയിലായി.
തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ വിളിച്ചുചേർത്തുവെങ്കിലും ഭൂവുടമകൾ പൂർണ്ണമായും കൈമലർത്തുകയായിരുന്നു. പഞ്ചായത്ത് നൽകിയ നോട്ടീസിന് ഭൂവുടമകൾ മറുപടി പോലും നൽകാൻ തയ്യാറായില്ല.
ഇതോടെ കർശന നിയമനടപടികളുമായി മുന്നോട്ടുപോകാൻ പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ഒടുവിൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലീസിന്റെ നിഷ്ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ചു. രാസമാലിന്യമണ്ണ് അടിക്കാൻ ഉപയോഗിച്ച വാഹനങ്ങൾ ഉടൻ പിടിച്ചെടുക്കാൻ കോടതി പൊലീസിന് കർശന നിർദ്ദേശം നൽകി.
വാഹനങ്ങൾ നാട്ടിൽ നിന്ന് മാറ്റി ഏജന്റമാർ വീണ്ടും അധികൃതരെ കബളിപ്പിക്കാൻ നോക്കിയെങ്കിലും പരിസ്ഥിതി പ്രവർത്തകർ സമരം കൂടുതൽ ശക്തമാക്കി. ഇതിനിടയിലാണ് പ്രദേശത്തെ കുടിവെള്ളത്തിൽ രാസമാലിന്യം കലർന്നുവെന്ന ഭീതിജനകമായ വാർത്ത പുറത്തുവന്നത്.
സമീപവാസിയായ ഒരാൾക്ക് വെള്ളത്തിൽ തൊട്ടതിനെ തുടർന്ന് ഗുരുതരമായ ചൊറിച്ചിലും ത്വക് രോഗവും ബാധിച്ചു. ഇതോടെ സംഭവത്തിന്റെ ഭീകരാവസ്ഥ പൂർണ്ണമായി പുറംലോകം അറിയുകയായിരുന്നു.
തുടർന്ന് പഞ്ചായത്തും പ്രതിപക്ഷവും വെവ്വേറെയായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കർശന നിർദ്ദേശം ലഭിച്ചു.
ഒടുവിൽ എറിയാട്ടെ രാസമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ ആർഡിഒയ്ക്ക് പ്രത്യേക ഉത്തരവ് നൽകി. തുടർന്ന് 14-ാം തീയതി നടന്ന നിർണ്ണായക യോഗത്തിൽ ആർഡിഒ ഭൂവുടമകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയതോടെ അവർ ഒടുവിൽ വഴങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

