കഴിഞ്ഞ വർഷം അപകടത്തിൽപെട്ട എംഎസ്സി എൽസ 3 എന്ന കപ്പലിൽ നിന്ന് കടലിലേക്ക് വ്യാപിച്ച പ്ലാസ്റ്റിക് പെല്ലറ്റുകൾ വീണ്ടും തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിൽ വ്യാപകമായി അടിയുന്നു.
വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ തീരദേശ മേഖലകളിലാണ് ഇപ്പോൾ വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. സമുദ്ര പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഈ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികളും ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) എന്ന സമുദ്ര ഗവേഷണ-സംരക്ഷണ സംഘടനയും സർക്കാരിനോട് ആവശ്യപ്പെട്ടു.
കപ്പൽ അപകടത്തെ തുടർന്ന് മാലിന്യപ്രശ്നം രൂക്ഷമായ ഘട്ടത്തിൽ താൽക്കാലിക ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നുവെങ്കിലും, പിന്നീട് അവ പൂർണമായും നിർത്തിവെക്കുകയായിരുന്നു. നിലവിൽ കപ്പൽ കമ്പനിയോ കോർപറേഷനോ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല.
ഈ വിഷയത്തിൽ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഒരു വർഷം മുൻപ് കടലിൽ കലർന്ന പ്ലാസ്റ്റിക് പെല്ലറ്റുകളിലെ തരികളുടെ വലുപ്പത്തിലും നിറത്തിലും ഇപ്പോൾ പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്ന് എഫ്എംഎൽ കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു.” കടൽവെള്ളത്തിൽ കിടന്ന് ഈ പ്ലാസ്റ്റിക് തരികൾ രാസമാറ്റത്തിന് വിധേയമാകുന്നുവെന്നും അല്ലെങ്കിൽ ഇവയിൽ സൂക്ഷ്മജീവികൾ വളരുന്നുവെന്നുമാണ് ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം മാലിന്യങ്ങൾ സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഈ പെല്ലറ്റുകൾ കടൽ പക്ഷികൾ, മത്സ്യങ്ങൾ, ആമകൾ എന്നിവയ്ക്ക് ഭക്ഷണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. തങ്ങളുടെ പ്രകൃതിദത്ത ഭക്ഷണമായ മീൻ മുട്ടകളോ ചെമ്മീൻ കുഞ്ഞുങ്ങളോ ആയി കരുതി ഇവയെ ഭക്ഷിക്കുന്ന കടൽജീവികളുടെ ദഹനവ്യവസ്ഥ തകരാറിലാകുന്നു.
പ്ലാസ്റ്റിക് ദഹിക്കാത്തതിനാൽ വയർ നിറഞ്ഞതായി തോന്നി, യഥാർഥ ഭക്ഷണം കഴിക്കാൻ സാധിക്കാതെ പട്ടിണികിടന്ന് ഇവ ചത്തുപോകുന്നു. പ്ലാസ്റ്റിക് പെല്ലറ്റുകൾ കഴിച്ച മത്സ്യങ്ങൾ വഴി ഈ വിഷാംശങ്ങളും മൈക്രോ പ്ലാസ്റ്റിക്കുകളും മനുഷ്യശരീരത്തിലും എത്താൻ സാധ്യതയുണ്ട്.
ഇത് മനുഷ്യരിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നും ഗവേഷകർ ആശങ്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

