സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്ത ജയിൽ വകുപ്പ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നേരത്തെ കോട്ടയം ജില്ലയിലെ വെള്ളൂർ ജയിലിനായി നിർദേശിക്കപ്പെട്ടിരുന്നെങ്കിലും, നിലവിൽ കൊല്ലം ജില്ലയിലാണ് പുതിയ ജയിലിനായി സ്ഥലം കണ്ടെത്താൻ സർക്കാർ മുൻഗണന നൽകുന്നത്. കൊല്ലത്ത് സ്ഥലം ലഭ്യമായില്ലെങ്കിൽ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ അധീനതയിലുള്ള 25 ഏക്കർ ഭൂമി പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പുറമെനിന്ന് പുതിയ ഭൂമി കണ്ടെത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിൽ തിരുവനന്തപുരം പൂജപ്പുര, തൃശൂർ വിയ്യൂർ സെൻട്രൽ ജയിലുകളിൽ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തെക്കൻ കേരളത്തിൽ പുതിയ ജയിൽ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നത്.
തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, രാഷ്ട്രീയ ഇടപെടലുകളിലൂടെ പരോൾ നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്ന രീതി അനുവദിക്കില്ലെന്ന് അദ്ദേഹം കർശനമായി നിർദേശിച്ചു.
കൂടാതെ ജയിലുകളിൽ തടവുകാർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജയിലുകളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജയിൽ മാനുവൽ, ചട്ടം എന്നിവ പരിഷ്കരിക്കുന്നതിനും സർക്കാർ മുൻകൈ എടുക്കും.
യോഗത്തിൽ ജയിൽ ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായ, വിവിധ സെൻട്രൽ ജയിലുകളിലെ സൂപ്രണ്ടുമാർ, ജയിൽ വകുപ്പ് ഡിഐജിമാർ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

