വിവാഹിതരല്ലാത്ത വ്യക്തികൾ പരസ്പര സമ്മതത്തോടെ പുലർത്തുന്ന ലൈംഗിക ബന്ധങ്ങൾ ധാർമ്മികമായ പിഴവായി കാണരുതെന്നും വ്യക്തികളുടെ സ്വഭാവശുദ്ധി അളക്കുന്നതിനായി ഇത്തരം മുൻകാല ചരിത്രങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുൻപങ്കാളിയുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് പോലീസ് സേനയിൽ ജോലി നിഷേധിക്കപ്പെട്ട
തെലങ്കാന സ്വദേശിയായ യുവാവിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ഉഭയസമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് ഇവർ വേർപിരിയുകയും യുവാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മുൻ പങ്കാളി യുവാവിനെതിരെ പീഡനക്കേസ് ഫയൽ ചെയ്തത്.
തുടർന്ന് ഈ കേസ് ഒത്തുതീർപ്പിലെത്തുകയും കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് സേനയിലേക്ക് യുവാവിന് നിയമനം ലഭിച്ചപ്പോഴാണ് ഈ പഴയ കേസിന്റെ പശ്ചാത്തലത്തിൽ അധികൃതർ ജോലി നിഷേധിച്ചത്.
കേസ് ഒത്തുതീർപ്പാക്കിയതിനാൽ ജോലി നിഷേധിക്കാൻ ആകില്ലെന്ന യുവാവിന്റെ വാദം തള്ളിയതിനെത്തുടർന്ന് വിഷയം തെലങ്കാന ഹൈക്കോടതിയുടെ മുൻപിലെത്തി. കേസ് പരിശോധിച്ച ഹൈക്കോടതി യുവാവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയാണുണ്ടായത്.
ഹൈക്കോടതി വിധിക്കെതിരെ തെലങ്കാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിഷയം രാജ്യത്തെ പരമോന്നത കോടതിക്ക് മുൻപിലെത്തുന്നത്. മുൻകാലങ്ങളിലെ പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ വ്യക്തികളുടെ സ്വഭാവ പരിശോധനയ്ക്കുള്ള മാനദണ്ഡമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
മുൻപത്തെ കേസുകളുടെ പേരിൽ യുവാവിന് ജോലി നിഷേധിച്ച സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

