കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം കർശനമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) ജീവനക്കാർ ഇന്ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സൂചന.
ഇതേതുടർന്ന് കേസിലെ തുടർനടപടികൾ വേഗത്തിലാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. വീണ തൈക്കണ്ടിക്ക് നോട്ടീസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയോട് നാളെ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.
കരിമണൽ കമ്പനിയിൽ നിന്ന് എന്ത് സേവനത്തിന് പണം സ്വീകരിച്ചു എന്നത് സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശം. എസ്എഫ്ഐഒ (SFIO) കണ്ടെത്തിയ 132 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട
കള്ളപ്പണ ഇടപാടുകളിലാണ് ഇഡി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ
2016 മുതൽ 2021 വരെയുള്ള കാലയളവിൽ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപയും, എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായും വീണയ്ക്ക് ലഭിച്ചിരുന്നു.
ഈ ഇടപാടുകളിലെ നിയമസാധുതയാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ പരിശോധനയിൽ ധനലക്ഷ്മി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിലെ വീണയുടെ മൂന്ന് അക്കൗണ്ടുകൾ ഉൾപ്പെടെ 242 അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
ഈ അക്കൗണ്ടുകൾ വഴി നടന്ന ഇടപാടുകളെക്കുറിച്ചും ഇഡി പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യപ്പെടുന്നവർ
സിഎംആർഎൽ എംഡി എസ്.എൻ.
ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, ശശിധരൻ കർത്തയുടെ ഭാര്യ തുടങ്ങിയ കുടുംബാംഗങ്ങൾക്കും, കമ്പനിയിലെ പ്രധാന ജീവനക്കാരായ കെ.എസ്.
സുരേഷ് കുമാർ (ചീഫ് ഫിനാൻസ് ഓഫീസർ), എൻ.സി. ചന്ദ്രശേഖരൻ (സീനിയർ മാനേജർ), അഞ്ജു റേച്ചൽ കുരുവിള എന്നിവർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതിൽ ശശിധരൻ കർത്ത തിങ്കളാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടത്. നേരത്തെ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളും വീണ നൽകിയ പ്രാഥമിക മൊഴികളും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് ഇഡി വിലയിരുത്തുന്നു.
കോടതി നിർദ്ദേശപ്രകാരം ലഭ്യമായ എക്സാലോജിക്-സിഎംആർഎൽ ഇടപാടുകളുടെ രേഖകൾ അടിസ്ഥാനമാക്കിയാകും തുടർന്നുള്ള ചോദ്യം ചെയ്യലുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

