താനെയിൽ ജന്മദിന ആഘോഷത്തിനിടെ കേക്കിലെ അലങ്കാരത്തിനായുള്ള ലോഹ കമ്പികൾ അബദ്ധത്തിൽ വിഴുങ്ങിയ മൂന്ന് വയസ്സുകാരന് അത്ഭുതകരമായ രക്ഷപ്പെടൽ. കുട്ടിയുടെ അമ്മ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവരങ്ങളാണ് പുറംലോകം അറിയുന്നത്.
മേയ് 31-നായിരുന്നു കുട്ടിയുടെ ജന്മദിനാഘോഷം നടന്നത്. ആഘോഷങ്ങൾക്കായി ഒരു പ്രാദേശിക ബേക്കറിയിൽ നിന്ന് വാങ്ങിയ സ്വർണ്ണനിറത്തിലുള്ള ബോളിങ് പിന്നുകൾ ഘടിപ്പിച്ച കേക്കാണ് അപകടത്തിന് കാരണമായത്.
കേക്ക് കഴിക്കുന്നതിനിടെ കുട്ടി അലങ്കാരത്തിനുള്ള ലോഹ കമ്പികൾ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. കുട്ടിക്കൊപ്പം കേക്ക് കഴിച്ചിരുന്ന മറ്റ് രണ്ട് കുട്ടികൾ കൂടി ലോഹ കമ്പികൾ കടിക്കുകയും ചെയ്തതോടെയാണ് രക്ഷിതാക്കൾ സംഭവം ശ്രദ്ധിച്ചത്.
ഉടൻ തന്നെ ബേക്കറി ഉടമയുമായി ബന്ധപ്പെട്ടപ്പോൾ, കേക്കിലെ അലങ്കാരങ്ങൾക്ക് ലോഹ കമ്പികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയെ താനെയിലെ ആശുപത്രിയിൽ എത്തിച്ച് എക്സ്റേ പരിശോധനയ്ക്ക് വിധേയനാക്കി.
പരിശോധനയിൽ കുട്ടിയുടെ ചെറുകുടലിൽ കമ്പികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ കുട്ടിയെ കർശന നിരീക്ഷണത്തിലാക്കി.
പിറ്റേദിവസം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളോ പരിക്കുകളോ കൂടാതെ തന്നെ ഈ ലോഹ കമ്പികൾ ശരീരത്തിൽ നിന്ന് സ്വാഭാവികമായി പുറത്തായതായി കുടുംബം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

