മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായക നടപടികളിലേക്ക് കടന്ന് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി KSTP പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ സാജന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ വെച്ചാണ് കേസിലെ ആദ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 2007 ലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചതിന്റെ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായി മൊഴി നൽകിയ ശേഷം വി.ഒ സാജൻ വ്യക്തമാക്കി.
മുൻ അന്വേഷണ സംഘം ഗ്യാനേഷ് കുമാറിന് അനുകൂലമായ മൊഴികൾ മാത്രം രേഖപ്പെടുത്തി കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം മരവിച്ച നിലയിലായിരുന്ന ഘട്ടത്തിലാണ് വി.ഒ സാജന്റെ പരാതി എത്തുന്നത്.
ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞുവെച്ചുവെന്ന് ലീ സീ ബീൻ മരിക്കും മുൻപ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു സാജന്റെ പരാതി. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്.
ലീ സീ ബീനിനോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടാണ് ബില്ലുകൾ തടഞ്ഞുവെച്ചതെന്നാണ് സാജന്റെ പ്രധാന മൊഴി. ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദമാണ് ലീ സീ ബീൻ നേരിട്ടിരുന്നതെന്നും, ഇക്കാര്യം ഓഫീസിലെ മറ്റ് ജീവനക്കാർക്കും അറിയാമായിരുന്നുവെന്നും സാജൻ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വി.ഒ സാജൻ കൈമാറിയ തെളിവുകളും വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷം കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ മൊഴികൾ കൂടി വരും ദിവസങ്ങളിൽ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

